
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പലരും സ്വകാര്യ ആവിശ്യങ്ങള്‍ക്കായി അവധി എടുക്കാറുണ്ട്. അനവധി പ്രഷറും, മേലുദ്യോഗസ്ഥന്റെ ചീത്ത പറച്ചിലും ഒക്കെ ആകുമ്പോള്‍ അതില്‍ നിന്നൊക്കെ കുറച്ച് മോചനം നേടാനാണ് ചിലപ്പോഴൊക്കെ അവധി എടുക്കുന്നത്. അതിനൊക്കെ പുറമെ അവധി എടുത്താലോ? ഇത്തരത്തില്‍ അവധി ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ സ്ഥാപന മേധാവി അവധി ദിവസങ്ങളില്‍ എന്താണ് നിങ്ങള്‍ ചെയ്ത കാര്യം എന്നത് കൃത്യമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു ജീവനക്കാരന് അത്തരത്തില്‍ ഒരു ദുരനുഭവം നേരിടേണ്ടി വന്നു. ജീവനക്കാരന് തന്റെ പൂര്‍വികരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി അവധിക്ക് അപേക്ഷിച്ച ജീവനക്കാരനോട് അവധി കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ശവകുടീരങ്ങളുടെ ഫോട്ടോകള്‍ കൂടി കൊണ്ടുവരണമെന്നായിരുന്നു സ്ഥാപനമേധാവിയുടെ നിര്‍ദ്ദേശം. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ 12 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് ഹോങ്കോങ്ങിലെ പ്രശസ്തമായ ചിംഗ് മിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. എന്നാല്‍ സ്ഥാപന മേധാവി പറഞ്ഞത് അവധി തരാം പക്ഷേ അവധിയെടുക്കുന്നത് ഈ ആവശ്യത്തിന് വേണ്ടി തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടി പൂര്‍വികരുടെ ശവകുടീരങ്ങളുടെ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ അവധിക്ക് ശേഷം ഓഫീസില്‍ എത്തുമ്പോള്‍ കാണിക്കണം എന്നായിരുന്നു നിര്‍ദ്ദേശം.
ചിംഗ് മിംഗ് എന്നാല്‍, ചൈനീസ് കുടുംബാംഗങ്ങള്‍ തങ്ങളുടെ പൂര്‍വികരുടെ ശവകുടീരങ്ങള്‍ വൃത്തിയാക്കുന്നതിനും, ആചാരപരമായ വഴിപാടുകള്‍ നടത്തുന്നതിനുമായി എല്ലാ വര്‍ഷവും ഒത്തു കൂടുന്ന ആഘോഷമാണ്. എന്നാല്‍ ഈ ചടങ്ങുകളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാതെ തന്നോട് ഇത്തരത്തില്‍ പ്രതികരിച്ച സ്ഥാപനമേധാവിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് ജീവനക്കാരന്. 'താന്‍ തന്റെ പൂര്‍വികരെ ആദരിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് തന്നോട് വളരെ മോശമായി സ്ഥാപന മേധാവി പെരുമാറിയെന്നാണ് ജീവനക്കാരന് സോഷ്യല്‍ മീഡിയാ കുറിപ്പില്‍ പറയുന്നത് '. കൂടാതെ എന്തിനാണ് 12 ദിവസം ലീവ് എടുത്ത് മരിച്ചുപോയവരെ ആദരിയ്ക്കാന്‍ വേണ്ടി പോകുന്നത് എന്ന് തന്നോട് അയാള്‍ ചോദിച്ചതായും പോസ്റ്റില്‍ പറയുന്നു.
കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇത്രയും മോശം രീതിയില്‍ പെരുമാറുന്ന ആ സ്ഥാപനത്തില്‍ നിന്നും ഉടന്‍ തന്നെ രാജിവെക്കു എന്നായിരുന്നു ഒരു കൂട്ടര് പറഞ്ഞത്. എന്നാല്‍ ജീവനക്കാര്‍ നീണ്ട അവധി എടുക്കുമ്പോള്‍ സ്ഥാപനമേധാവികള്‍ കൃത്യമായ കാരണം കാണിക്കാന്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.






