
ബ്രിട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിച്ച നേന്ത്രപ്പഴത്തില്‍ നിന്നും കുഞ്ഞന്‍ തവളയെ കണ്ടെത്തി. 71 കാരിയായ ജാനറ്റ് ജിയോവിനാസോ സറേയിലെ എപ്സോമില്ലില്‍ നിന്ന് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെയാണ് നേന്ത്രപ്പഴത്തില്‍ കുഞ്ഞന്‍ തവളയെ കണ്ടെത്തിയത്. ഇതിനോടകം ഈ കുഞ്ഞന്‍ തവള 4,800 ഓളം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞിരുന്നു.
'ലിഡല്‍' എന്നാണ് ഈ ഇത്തിരി കുഞ്ഞനു പേരിട്ടിരിക്കുന്നത്. ആദ്യം ഉഭയജീവിയെ കണ്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടെന്ന് ജാനറ്റ് പറഞ്ഞു. പഴങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി പരിശോധിക്കുന്നത് തന്റെ ശീലമാണെന്നും അങ്ങനെയാണ് പഴം പരിശോധിച്ചത്. സാധാരണയായി ചിലന്തികളെയാണ് ഇത്തരം വസ്തുക്കളില്‍ കാണാറ്. എന്നാല്‍ ഒരു കുഞ്ഞന്‍ തവളയെ കണ്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ സംബന്ധിച്ച് അതൊരു നല്ല സര്‍പ്രൈസ് ആയിരുന്നു. പക്ഷേ അവന് വളരെ സുന്ദരനായിരുന്നെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഐവറി കോസ്റ്റില്‍ നിന്നുള്ള മൗണ്ട് നിംബ റീഡ് തവളയാണ് അതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജിയോവിനാസോ പറഞ്ഞു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നാണ് ഇംഗ്ലണ്ടിലേക്കുള്ള നേന്ത്രപ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. സ്റ്റോവവേ തവള എന്നും ഇത് അറിയപ്പെടുന്നു
ചൂട് കൂടിയ അവസ്ഥയെ അവന് തരണം ചെയ്യാന്‍ സാധിയ്ക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാന്‍ അവനെ സുരക്ഷിതമായി വായുസഞ്ചാരമുള്ള ഒരു ചെറിയ ട്യൂബിനുള്ളിലേക്ക് കയറ്റി വെച്ചു. അപ്പോള്‍ അവന് ഭയങ്കര സന്തോഷവാനായി.കുറച്ചു സമയം അവന് മയങ്ങുകയും ചെയ്തു. ജാനറ്റ് ജിയോവിനാസോ വിളിച്ച് പറഞ്ഞതനുസരിച്ച് ആര്‍എസ്പിസിഎ അനിമല്‍ റെസ്ക്യൂ ഓഫീസറായ ലൂയിസ് ഹോര്‍ട്ടണ്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി കുഞ്ഞന്‍ തവളയെ ഉരഗങ്ങള്ക്കായുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.






