
72-ാം വയസില്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. മലയാളത്തിന് എക്കാലവും മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ച സ്വാമിയുടെ ആദ്യം ചിത്രം ത്രില്ലറിനു പകരം പ്രണയകഥയാണ്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന കഥയാണിത്.
ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയില്‍ നടക്കും. സ്വാമി തന്നെയാണ് ചിത്രത്തിന്റെ രചനയും. ഈ പ്രായത്തില്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തി എസ് എന്‍ സ്വാമിയായേക്കാമെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 1980-ല്‍ പുറത്തിറങ്ങിയ 'ചക്കരയുമ്മ' എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ് എന്‍ സ്വാമി മലയാള സിനിമയിലെത്തുന്നത്.
ഇതു വരെ ചിത്രത്തിനു പേരിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാണം എറണാകുളത്തപ്പന് ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി രാജേന്ദ്ര പ്രസാദാണ്. എന്നാല്‍ ചിത്രത്തെ കുറിച്ച് വിശദമായ വെളിപ്പെടുത്തലുകള്‍ അദ്ദേഹം പുറത്തു വിട്ടിട്ടില്ല. തിരുച്ചെന്തിരൂര്‍ പോലുള്ള തമിഴകഗ്രാമങ്ങളില്‍ ലൊക്കേഷന്‍ തിരക്കിലായതിനാല്‍ സിനിമയെ കുറിച്ചെല്ലാം വിശദമായി ലോഞ്ചിങ് ചടങ്ങില്‍ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ മകന് ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകന്. ഷാജി കൈലാസ്, കെ മധു, എ കെ സാജന് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ശിവറാം. ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടിയയാളാണ് എസ്എന്‍ സ്വാമി. 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 'ഇരുപതാം നൂറ്റാണ്ട്' തുടങ്ങി അന്‍പതോളം സിനിമകള്‍ക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്.






