
ഒരമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മകള്‍ വീഗന്‍ ആണെന്നും താനവളെ ടിവി കാണാന്‍ അനുവദിക്കാറില്ലായെന്നുമാണ് ഈ അമ്മ പറയുന്നത്. ഇതിന്റെ പേരില്‍ മറ്റുള്ളവര്‍ പല അഭിപ്രായങ്ങളും തനിക്കെതിരെ പറയാറുണ്ട്. എന്നാല്‍, താന്‍ അത് ഗൗനിക്കുന്നേ ഇല്ലായെന്നും ഇവര്‍ പറയുന്നു.
17 വയസ്സുള്ളപ്പോഴാണ് പോണ്ടെഫ്രാക്റ്റില് നിന്നുള്ള ക്ലോ എലിസബത്ത് എലിയറ്റ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് രണ്ട് വയസായി. എലിസബത്ത് ഹോപ്പ് എന്നാണ് മകളുടെ പേര്. മകളില്‍ നല്ല ചില സ്വഭാവങ്ങളുണ്ടെന്നും അതിന് കാരണം അവള് ടിവിക്ക് മുന്നില്‍ ഇരിക്കാത്തതാണ് എന്നുമാണ് എലിയറ്റ് പറയുന്നത്. കുട്ടി വിദ്യാഭ്യാസം നേടുകയും സ്വന്തം തീരുമാനങ്ങളെടുക്കാന്‍ പ്രായമാകുകയും ചെയ്യുമ്പോള്‍ ടിവി കാണാമെന്നും എലിയറ്റ് പറയുന്നു. തന്റെ കുഞ്ഞിന് വീഗന്‍ ഭക്ഷണം കൊടുക്കുന്നത് അവളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയുള്ളത് കൊണ്ടാണെന്നും അവളുടെ ആരോഗ്യം നന്നായിരിക്കാന്‍ വേണ്ടിയാണ് എന്നുമാണ് എലിയറ്റ് പറയുന്നത്.
തനിക്ക് ക്രോണിക് എന്‍ഡോമെട്രിയോസിസ് ഉള്ളതിനാല്‍ അത് തന്റെ മകളിലേക്കു വരാനും സാധ്യതയുണ്ട്. അതിനാല്‍ ഇത് തടയാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ തന്നെ അവളുടെ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് എന്നും ക്ലോ എലിസബത്ത് വിശദ്ദമാക്കുന്നു. മകള്‍ക്ക് കൂടുതല്‍ ഇഷ്ടം പഴങ്ങളും പച്ചക്കറികളുമാണ്. എന്നാല്‍, എല്ലാക്കാലും വീഗനായിരിക്കാന് താന്‍ അവളോട് ആവശ്യപ്പെടില്ല. അവള്‍ക്ക് സ്വന്തം തീരുമാനം എടുക്കാന്‍ ആകുമ്പോള്‍ മാറി ചിന്തിക്കാം എന്നും എലിയറ്റ് പറയുന്നു. എന്നാല്‍ എലിയറ്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ ആളുകളുടെ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ത്തിട്ടുണ്ട്.






