
ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മാംസമാണ് കോഴിയിറച്ചി. ലോകത്ത് 2000 കോടിയോളം കോഴികളുണ്ടെന്നാണു കണക്ക്. അതായത് ഇവ മനുഷ്യ ജനസംഖ്യയുടെ രണ്ടര ഇരട്ടിയോളം വരും. അന്റാര്ട്ടിക്കയൊഴിച്ചുളള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കോഴികളുടെ സാന്നിധ്യമുണ്ട്.
കോഴികളുടെ തുടക്കം തെക്കുകിഴക്കന്‍ ഏഷ്യയിലെ ട്രോപ്പിക്കല്‍ കാടുകളിലാണെന്നും, റെഡ് ജംഗിള്‍ ഫൗള്‍ എന്ന കാട്ടുകോഴി വിഭാഗത്തില്‍ നിന്നായിരുന്നു ഇവയുടെ ഉദ്ഭവമെന്നുമാണ് ഡാര്വിന് പറയുന്നത്. ഇവയില്‍ മറ്റ് 3 വിഭാഗങ്ങളിലെ കാട്ടുകോഴികളില്‍ നിന്നുള്ള ജീനുകളും ഉള്‍പ്പെട്ടിരുന്നു. ഏതാണ്ട് പതിനായിരം മുതല്‍ 8000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള കോഴികളുടെ അവശിഷ്ടങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ കോഴികളെല്ലെന്നും മറിച്ച് കോഴികളോട് ധാരാളം സാമ്യമുള്ള ഫെസന്റ് എന്ന പക്ഷികളാണെന്നും ശാസ്ത്രജ്ഞര്‍മാര്‍ അഭിപ്രായപ്പെടുന്നു. 4000 വര്‍ഷം വരെ പ്രായം നിര്‍ണയിച്ച കോഴികളുടെ അവശിഷ്ടങ്ങള്‍ സിന്ധുനദീതട സംസ്കാര സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരത്തില്‍ കോഴികളെ രാജകീയമായ പക്ഷികളായാണ് കരുതിപ്പോന്നത്.
മനുഷ്യന് തായ്ലന്ഡില് വച്ചാണ് ആദ്യമായി കോഴികളെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയതെന്ന് പില്ക്കാലത്ത് നടത്തിയ ഡിഎന്‍എ പരിശോധനകളില്‍ കണ്ടെത്തി. ആദ്യകാലങ്ങളില്‍ മനുഷ്യന് കോഴികളെ വളര്‍ത്തിയിരുന്നത് ഭക്ഷണത്തിനും മുട്ടയ്ക്കും വേണ്ടിയായിരുന്നല്ല മറിച്ച് കോഴിപ്പോരിനായിരുന്നു. ബിസി 3000 -2000 കാലഘട്ടത്തില്‍ തെക്കന്‍ ഏഷ്യയില്‍ ഒതുങ്ങി നിന്ന കോഴികള്‍ പടിഞ്ഞാറന്‍ ഏഷ്യയിലും മധ്യപൂര്വമേഖലയിലും എത്തിച്ചേര്‍ന്നു. ബിസി എട്ടാം നൂറ്റാണ്ടിലാണ് ഫിനീഷ്യന്മാര് യൂറോപ്പില്‍ കോഴികളെയെത്തിച്ചത്.
റോമാക്കാര്‍ പണ്ട് മുതല്‍ തന്നെ കോഴികളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. അന്നത്തെ റോമന്‍ കര്‍ഷകര്‍ക്ക് കോഴികളുടെ ഭാരം കൂട്ടാനുള്ള ചില നുറുക്ക് വിദ്യകളും അറിയാമായിരുന്നു. കോഴിക്ക് വീഞ്ഞില്‍ കുതിര്‍ത്ത ഗോതമ്പും , ബാര്‍ലിയും തീറ്റയായി നല്‍കുന്നതൊക്കെ ഇത്തരം ചില വിദ്യകളായിരുന്നു. എന്നാല്‍ പിന്നീട് റോമന്‍ ഭരണകൂടം ഇത്തരം രീതികള്‍ക്കു വിലക്കേര്‍പ്പെടുത്തി.
റോമന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയതോടെ യൂറോപ്പില്‍ കോഴിക്കൃഷിക്ക് മങ്ങലേല്‍ക്കുകയായിരുന്നു. അമേരിക്കയിലേക്ക് കോഴികളെ എത്തിച്ചത് പോളിനേഷ്യക്കാരായിരുന്നു. അമേരിക്കന്‍ മാംസാഹരവിഭവങ്ങളില് കോഴികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ലവത്തോടെ കോഴികളെ വലിയതോതില്‍ ഫാമിങ്ങിന് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് തൊണ്ണൂറുകളെത്തിയപ്പോള് അമേരിക്കക്കാര്‍ ബീഫിനെ പിന്തള്ളി ചിക്കന്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി.






