
എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിലെ മറ്റൊരു കോച്ചില്‍ കൂടി അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 2 ന് രാത്രിയില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇതിന് ശേഷം ഡി2 ബോഗിയിലും അക്രമം നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണസംഘം പുറത്തുവിടുന്ന സൂചനകള്‍.
മറ്റൊരു കോച്ചിലൂടെ തീയിടാനുള്ള ഉദ്ദേശത്തിലാണ് ഇയാള്‍ മറ്റൊരു കുപ്പിയിലും പെട്രോള്‍ കരുതിയത്. മൂന്ന് ലിറ്റര്‍ പെട്രോള്‍ വാങ്ങി അത് കുപ്പികളിലേക്ക് പകര്‍ന്ന് ബാഗില്‍ സൂക്ഷിച്ചിരുന്നു. അതേസമയം ആദ്യ കോച്ചില്‍ തീയിട്ടതോടെ ആള്ക്കാര് അങ്ങോട്ടും ഇങ്ങോട്ടും ഓടിയതും തിക്കും തിരക്കും കൂട്ടിയതും മൂലം ഷാറൂഖിന്റെ കയ്യില്‍ നിന്നും ബാഗ് നിലത്തു വീണുപോയതാണ് പദ്ധതി പാളാന്‍ കാരണമായത്.
ചോദ്യം ചെയ്യലില്‍ ഒറ്റയ്ക്കാണ് താന്‍ കൃത്യം നടത്തിയതെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ നിന്നും എത്തിയ ശേഷം രാത്രി വരെ ഷൊര്‍ണൂരില്‍ 14 മണിക്കൂര്‍ ഇയാള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇക്കാര്യത്തില്‍ നിര്‍ണ്ണായക വിവരം നല്‍കിയത് ഒരു ഓട്ടോക്കാരനായിരുന്നു. ട്രെയിനിറങ്ങിയ ഷാറൂഖ് സ്റ്റേഷന് അടുത്തുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങാതെ ഒരു കിലോമീറ്റര്‍ ഓട്ടോയില്‍ പോയി അകലെയുള്ള പമ്പില്‍ നിന്നായിരുന്നു പെട്രോള്‍ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ ഇന്നലെയും ഷാറൂഖ് അസുഖം അഭിനയിച്ചു. ഇതിനെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയിരുന്നു. കേസില്‍ തീവ്രവാദി ബന്ധം തള്ളാനാകില്ലെന്നാണ് എന്‍ഐഎ യുടെ നിലപാട്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കഴിയാത്തതാണു പ്രശ്നമായത്. വരും ദിവസങ്ങളില്‍ പ്രതിയുടെ തന്ത്രങ്ങള്‍ മറികടക്കാനാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ.






