
മണിമല: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ യോഹന്നാന്റെയും സിസമ്മയുടെയും മക്കളായ മാത്യു ജോണ്‍ (ജിസ്-35), ജിന്‍സ് ജോണ്‍ (30) എന്നിരാണു മരിച്ചത്. നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് 6.30ന് മണിമലയിലാണ് അപകടമുണ്ടായത്. സഹോദരന്മാര് വീട്ടിലേക്കു പോകുകയായിരുന്ന ആക്ടീവ സ്കൂട്ടറില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ അമിത വേഗത്തിലായിരുന്ന ഇന്നോവയ്ക്ക് ബ്രേക്ക് ചവിട്ടുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. കാര്‍ മൂന്നുതവണ വട്ടംകറങ്ങി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ പുറംവശം തകര്‍ന്നു. പരുക്കേറ്റ സഹോദരന്മാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഇരുവരും മരിക്കുകയായിരുന്നു. മരിച്ച സഹോദരങ്ങള്‍ അലുമിനിയം ഫേബ്രിക്കേഷന്‍ തൊഴിലാളികളാണ്. ജിന്‍സ് അവിവാഹിതനാണ്.
അഞ്ചുവര്‍ഷം മുമ്പു വിവാഹിതരായ ജിസ് അന്‍സു ദമ്പതികള്‍ക്കു നീണ്ട നാളത്തെ ചികില്‍സയ്ക്കു ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണു ജിസിന്റെ വിയോഗം. മൂന്നു മാസം ഗര്‍ഭിണിയാണ് അന്‍സു. ശനിയാഴ്ച രാവിലെ അന്‍സു ജോലി ചെയ്യുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ സ്കാനിങ്ങ് നടത്തി വീട്ടിലെത്തിയ ശേഷം ജിസ് അനിയന് ജിന്‍സുമായി കറുകച്ചാലിലുള്ള അമ്മയുടെ സഹോദരങ്ങളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയാണു ദുരന്തമുണ്ടായത്.
ഈസ്റ്റര്‍ ദിനമായ മണിമല ഇന്നലെയുണര്ന്നത് സഹോദരങ്ങളായ ജിസിന്റെയും ജിന്‍സിന്റെയും വിയോഗവാര്ത്തയോടെയാണ്. നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണു ജിസും ജിന്‍സും. എല്ലാകാര്യങ്ങളിലും പുഞ്ചിരിയോടെ ഓടിയെത്തിയിരുന്ന ഇരുവരും ഇനിയില്ലെന്നു വിശ്വസിക്കാനാവുന്നില്ല.മിതമായ വേഗത്തില്‍ മാത്രം സൂക്ഷിച്ചു വാഹനം ഓടിച്ചിരുന്ന ജിസിന് അപകടമുണ്ടായത് വിശ്വസിക്കാനാവുന്നില്ല.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മേസ്തിരി പണിക്കാരനായ യോഹന്നാനും(62) സിസമ്മയ്ക്കും (60) രണ്ടു മക്കളേയും നഷ്ടമായതോടെ കുടുംബത്തിന്റെ സ്വപ്നങ്ങളാണു ഇല്ലാതായത്. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഇതിനായി ആറു സെന്റ് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയിരുന്നു.






