
ഇപ്പോള്‍ എന്ത്, എങ്ങനെ വൈറല്‍ ആക്കാമെന്ന് തിരഞ്ഞു നടക്കുകയാണ് ആളുകള്‍. അതുപോലെ കഴിഞ്ഞ ദിവസം ഒരു വീഡിയോ വൈറലായിരുന്നു. നര്‍മ്മദാ നദിയുടെ മുകളിലൂടെ ഒരു സ്ത്രീ നടന്നു പോകുന്നതായിരുന്നു ആ വീഡിയോ. സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതിനു തൊട്ട് പിന്നാലെ തന്നെ ഇവര്‍ 'നര്‍മ്മദാ ദേവി'യുടെ അവതാരമാണെന്ന് പ്രചരിച്ചു. അതോടെ ഇവരെ കാണാനും അനുഗ്രഹം വാങ്ങാനും ജനത്തിരക്കേറി. അവസാനം ഗതാഗതം വരെ സ്തംഭിയ്ക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പോലീസിനെ വിളിക്കേണ്ടിവന്നു. തുടര്‍ന്ന് പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതായി മാറി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
ഈ സ്ത്രീ നദിയിലൂടെ നടക്കുന്നു, ഇവര്‍ നടക്കുമ്പോള്‍ നദിയുടെ കരയിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു ജനാവലി അവരെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. നദിയിലൂടെ നടന്ന സ്ത്രീ, നര്‍മ്മദാ ദേവിയാണെന്ന അര്‍ത്ഥത്തില്‍ ഇവരെ 'മാ നര്‍മ്മദാ' എന്ന് വിശേഷിപ്പിച്ചാണ് പ്രദേശവാസികള്‍ വീഡിയോകള്‍ പങ്കുവച്ചത്. മാത്രമല്ല, ഇവര്‍ക്ക് രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും ഇതിനിടെ പ്രചരിച്ചു. അത്രയും കൂടി ആയപ്പോഴേക്കും പിന്നെ പറയണ്ട കാര്യം എന്തെങ്കിലുമുണ്ടോ, ഇവരെ കാണാനും അനുഗ്രഹം വാങ്ങാനുമായി ഭക്തരുടെ ഒഴുക്കായി. ആളുകൂടിയതോടെ സംഗതി നാട് മൊത്തം അറിഞ്ഞു. തുടര്‍ന്ന് പോലീസെത്തുകയും ആളുകളെ നിയന്ത്രിക്കുകയും ചെയ്തു.
2022 -ല്‍ നര്‍മ്മദാപുരം സ്വദേശിയായ ജ്യോതി രഘുവംശിയെ കാണാനില്ലെന്നു കാണിച്ച് ഇവരുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായെന്ന് കുടുംബക്കാര് പരാതി നല്കിയ എന്ന സ്ത്രീയാണ് നദിയിലൂടെ നടന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. തനിക്ക് അത്ഭുത സിദ്ധികളില്ലെന്നും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണെന്നും താന്‍ നര്‍മ്മദാ നദിയെ പ്രദക്ഷിണം ചെയ്യുന്നതിനായി തീര്‍ത്ഥാടനത്തിലാണെന്നും പ്രദക്ഷിണത്തിന്റെ ഭാഗമായാണ് നദീതീരത്ത് വെള്ളത്തിലൂടെ നടന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ തനിക്ക് നാട്ടു വൈദ്യം അറിയാമെന്നും ആരെങ്കിലും രോഗവുമായി വന്നാല്‍ അവര്‍ക്ക് മരുന്ന് നല്‍കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ജ്യാതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസിനോട് ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അത്ഭുത സിദ്ദികള്‍ ഒന്നും തന്നെ ഇവര്‍ക്കില്ല. ഇവര്‍ നര്‍മ്മദ നദിയ്ക്ക് മുകളിലൂടെ നടക്കുകയായിരുന്നില്ല, മറിച്ച് തീരത്ത് നിന്ന് വളരെ അകലെയായിരുന്നു. വേലിയിറക്ക സമയമായതിനാല്‍ നദിയില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഈ സമയം ആഴം കുറഞ്ഞ നദിയില്‍ കൂടി ജ്യോതി രഘുവംശം നടന്നപ്പോള്‍ കരയില്‍ നിന്നവര്‍ക്ക് അവര്‍ വെള്ളത്തിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു. അവസാനം പോലീസ ജ്യോതിയെ അവരുടെ കുടുംബത്തോടൊപ്പം പറഞ്ഞയച്ചു.






