
ആയിരക്കണക്കിന് നീല ജെല്ലിഫിഷുകളാല് നിറഞ്ഞ് കാലിഫോര്ണിയതീരം. ഡാന വാര്‍ഫ് വേല് വാച്ചിംഗ് എന്ന സംഘത്തിന്റെ നിരീക്ഷണ ബോട്ടിലെ ജീവനക്കാരാണ് ഇവ 'കാറ്റ് നാവികര്‍' എന്നറിയപ്പെടുന്ന നീല ജെല്ലിഫിഷ് പോലുള്ള ജീവികളാണെന്ന് കണ്ടെത്തിയത്. ഡാനാ പോയിന്റ് മുതല്‍ പോയിന്റ് റെയ്സ് നാഷണല്‍ സീഷോര്‍ വരെയുള്ള ബീച്ചുകളിലാണ് ഇത്തരത്തില്‍ നീല ജെല്ലിഫിഷുകള്‍ നിറഞ്ഞത്. ഈ ജെല്ലിഫിഷുകള്‍ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായതായും തെക്ക് ഓറഞ്ച് കൗണ്ടി വരെ വ്യാപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഡാന വാര്‍ഫ് വേല് വാച്ചിംഗിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ഡാന ദി നാച്ചുറലിസ്റ്റിന്റെ സയന്‍സ് ടീച്ചര്‍ നോന റെയ്മര്‍ ഇവയുടെ നൂറ് കണക്കിന് എണ്ണം തീരങ്ങളില്‍ വ്യാപിച്ചതായി പറഞ്ഞു. ഇവര്‍ ഇത്തരത്തിലുളള രണ്ട് ജെല്ലിഫിഷുകളെ എടുത്തുകാണിക്കുന്നതും വീഡിയോയില്‍ കാണാം. മാരിന് കോളേജിലെ ജീവശാസ്ത്ര പ്രൊഫസറായ ജോ മുള്ളര്‍ 'ചിലപ്പോള്‍ ബീച്ചുകളെ പൂര്‍ണ്ണമായും മൂടുന്ന നിലയില്‍ ഇവ തീരത്തേക്ക് എത്തിയേക്കാമെന്നും ഇപ്പോള്‍ അവയുടെ എണ്ണത്തെ കുറിച്ച് പറയാനാവില്ലെന്നും'ചൂണ്ടിക്കാണിക്കുന്നു.
പരന്നതും ഓവല്‍ ആകൃതിയിലുള്ളതുമാണ് ഈ ജെല്ലിഫിഷുകള്‍. ഹൈഡ്രോസോവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം വെല്ലെല്ല എന്നാണ് . വടക്കന്‍ അര്‍ദ്ധഗോളത്തില്‍ കാണപ്പെടുന്ന വെല്ലെല്ലകളെ കാറ്റ് പിടിക്കുന്നത് വഴി, വടക്കന്‍ പസഫിക് ഗൈറിനെ പിന്തുടരാന് അവയുടെ ഈ മുതുകുപോലുള്ള അര്‍ദ്ധസുതാര്യമായ ഭാഗം സഹായിക്കുന്നു. എന്നാല്‍, കാറ്റ് മറ്റൊരു ദിശയിലാകുമ്പോള്‍ ഇവയുടെ സ്ഥിരം സഞ്ചാരപാത മാറുകയും അവ കരയിലേക്ക് അടിച്ച് കയറുകയുമാണ് ചെയ്യുന്നത്. ആഴക്കടലില്‍ ഇവയുടെ കോടാനുകോടി എണ്ണത്തെ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും മുള്ളര്‍ പറയുന്നു. വെല്ലെല്ലകള് ജെല്ലിഫിഷും പവിഴപ്പുറ്റുകളും ഉള്‍പ്പെടുന്ന സിനിഡാരിയ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇവ കടല്‍ത്തീരത്ത് ഒറ്റപ്പെട്ടുകഴിഞ്ഞാല്‍ നശിക്കുകയും അഴുകുകയും ചെയ്യും. എന്നാല്‍ തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യവസ്ഥയോ ഇല്ലാത്തതിനാല്‍ അവയെ ചത്തതായി തരംതിരിക്കുന്നത് അല്‍പ്പം അവ്യക്തമാണെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
തൊലിപ്പുറത്ത് അസ്വസ്ഥതയുണ്ടാക്കാനുള്ള ചെറിയ തോതിലുള്ള വിഷം ഇവയ്ക്കുണ്ട്. വസന്തകാലത്തും വേനല്‍ക്കാലത്തും ഇവ ചിലപ്പോള്‍ തെറ്റായ ദിശയിലേക്ക് കാറ്റടിച്ച് കരയ്ക്കെത്താറുണ്ട്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാറ്റില്‍ വരുന്ന വ്യതിയാനം നിമിത്തം ഇവ കൂടുതലായി കരയ്ക്കടിയുന്നു. സമുദ്രജലം അമിതമായി ചൂടാകുന്നതും വെല്ലെല്ലകളെ കരയിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.






