
ഈശോയുടെ ഇയര്ത്തെഴുന്നേല്പ്പാണ് ഈസ്റ്റര്‍. സഹ ജീവികളോടു കാരുണയും,സ്നേഹവും പുലര്‍ത്തേണ്ട പാഠങ്ങള്‍ ഒരോ ഈസ്റ്റര്‍ ദിനവും നമ്മെ ഓര്‍മപ്പെടുത്തുന്നു. 13 വയസുള്ള ജാസ്മിന് പാര്‍ക്കര്‍ എന്ന പെണ്‍കുട്ടി വടക്കന്‍ അയര്‍ലണ്ടിലെ പാവപ്പെട്ട കുട്ടികള്‍ക്ക് 2000 ത്തിലധികം ചോക്ലേറ്റ് ഈസ്റ്റര്‍ മുട്ടകള്‍ വിതരണം ചെയ്താണ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. ആറാം വയസ് മുതല്‍ ജാസ്മിന് പാവപ്പെട്ട കുട്ടികള്‍ക്ക് ഈസ്റ്റര്‍ മധുരം നല്‍കുന്നുണ്ട്. ആശുപത്രികളിലെ രോഗികളായ കുട്ടികളെ തേടിയാണ് ജാസ്മിന്റെ ചോക്കളേറ്റ് ഈസ്റ്റര്‍ മുട്ടകള്‍ എത്തുക.
ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജാസ്മിന്, അവളുടെ അമ്മ മാഗി പാര്‍ക്കറിനോട് ' അസുഖമുള്ള കുട്ടികള്‍ക്ക് കൊടുക്കാനായി ഈസ്റ്റര്‍ മുട്ട കിട്ടുമോ ' എന്ന് ചോദിച്ചു. അന്നു മുതലാണ് ഈസ്റ്റര്‍ ദിവസം ആശുപത്രിയില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്ക് അവള് ഈസ്റ്റര്‍ മുട്ടകള്‍ നല്കാന് തുടങ്ങിയത്. അമ്മയോട് അതിനെ കുറിച്ചു ചോദിച്ച ചോദ്യം അവള് തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് ഇട്ട് മണിക്കൂറിനുള്ളില്‍ വീട്ടുപടിക്കല്‍ മുട്ടകളുമായി ആളുകളെത്തിയെന്ന് ജാസ്മിന് പറയുന്നു. 'എനിക്ക് വിശ്വസിക്കാനായില്ല, വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്.' ജാസ്മിന് കൂട്ടിച്ചേര്‍ത്തു. ജാസ്മിന്റെ മാതാപിതാക്കള്‍ മുട്ടകള്‍ കൈമാറാന്‍ വേണ്ടി അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുടങ്ങാതെ ഇന്നും ആ പതിവ് തുടരുന്നതായി മാഗി പറയുന്നു.
'ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഇത് നേടിയെടുക്കാന്‍ കഴിയുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്, അവളുടെ ദയയെയാണ് ഇത് കാണിക്കുന്നത്. ഈസ്റ്റര്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. എല്ലാ കുഞ്ഞുങ്ങും അത് ആസ്വദിക്കണം. മുടക്കാതെ എല്ലാ വര്‍ഷവും ഇത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' ജാസ്മിന്റെ അമ്മ മാഗി പാര്‍ക്കര്‍ പറഞ്ഞു.






