
ഹൈദരാബാദ്: ബിജെപിയുടെ ഹിന്ദുത്വത്തെ വിശ്വസിക്കരുതെന്നും അവരുടെ ഹിന്ദുത്വത്തിന് അവരുടെ പ്രവര്‍ത്തി തന്നെയാണ് നിര്‍വ്വചനമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. കഴിക്കുന്ന ആഹാരം വെച്ച് ആള്‍ക്കാരെ കത്തിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വമെന്നും പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേന ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ബിജെപിയുടെ ആരോപണത്തിനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും യുവനേതാവുമായ ആദിത്യയുടെ മറുപടി. '' ഞങ്ങളുടെ ഹിന്ദുത്വം കൃത്യമായി നിര്‍വചിക്കപ്പെട്ടതാണ്. ഞങ്ങള്‍ ആള്‍ക്കാരെ അവര്‍ കഴിക്കുന്ന ആഹാരം വെച്ച് കത്തിക്കാറില്ല. അതാണ് ബിജെപിയുടെ ഹിന്ദുത്വമെങ്കില്‍ അതിനെ തനിക്ക് അംഗീകാരിക്കാനാകില്ല. തനിക്കെന്നല്ല തന്റെ പിതാവിനും മുത്തച്ഛനും ഞങ്ങളുടെ ജനങ്ങള്‍ക്കും മഹാരാഷ്ട്രയ്ക്ക് തന്നെ ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുന്നതല്ല.''
ഹൈദരാബാദില്‍ ഗീതാം സര്‍വകലാശാലയില്‍ വിദ്യാത്ഥികളുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ ഉണ്ടായത് കൊണ്ടല്ല അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് രാമക്ഷേത്രം നിര്‍മ്മിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. സുപ്രീംകോടതിയുടെ തീരുമാനമാണ് അതെന്നും പറഞ്ഞു. 2014 ല്‍ ശിവസേനയെ പിന്നില്‍ നിന്നും കുത്തിയവരാണ് ബിജെപിയെന്നും പറഞ്ഞു.
''ഞാന്‍ ഹിന്ദുവാണ്. 2014 ല്‍ ബിജെപി ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കുമ്പോഴും ഹിന്ദുവായിരുന്നു. എന്നാല്‍ 2014 ല്‍ ബിജെപി തങ്ങളെ പിന്നില്‍ നിന്നും കുത്തി. അപ്പോഴും ഞങ്ങള്‍ ഹിന്ദുക്കള്‍ തന്നെയായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ഹിന്ദുക്കളാണ്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് എന്തു സംഭവിച്ചു. എന്തുകൊണ്ടാണ് ഹിന്ദുത്വ പാര്‍ട്ടി കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് സംസാരിക്കാത്തത്. കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവരെ ആരാണ് സുരക്ഷിത േേഖലകളിലേക്ക് മാറ്റിയത്. '' ആദിത്യ ചോദിച്ചു.
തന്റെ മുത്തച്ഛന്റെ ആശയത്തോട് വലിയ താദാത്മ്യമാണ് ബിജെപി കാട്ടുന്നതെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ അദ്ദേഹം നിര്‍മ്മിച്ച പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പാര്‍ട്ടിയുടെ ഏറ്റവും വലിയ ഭീഷണി ബിജെപിയും ഏക്നാഥ് ഷിന്ഡേയുമാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു ഭീഷണിയാണെന്നോ ബിജെപിയുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമോ ഇല്ലെന്നും പറഞ്ഞു. രാജ്യസഭാ എംപി പ്രിയങ്കാചതുര്വേദിയ്ക്കൊപ്പമാണ് ആദിത്യ പരിപാടിക്കായി എത്തിയത്.






