ബാങ്കോക്ക്: മ്യാന്മറില് സര്‍ക്കാര്‍ വിരുദ്ധ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലേക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. സാഗെയിങ് മേഖലയിലെ പസി ഗി ഗ്രാമത്തില്‍ പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു ആക്രമണം.
പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിലെ പോരാളികളും സിവില്‍ വേഷത്തിലുണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്മറിലെ പട്ടാള ഭരണത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉള്ള നഗരമാണ് മണ്ഡാല. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം കൂടിയാണിത്. ഇതിനു സമീപമാണ് ആക്രമണം നടന്ന സാഗെയിങ് മേഖല.
സൈനികാക്രമണം മാത്രമല്ല, പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന മൈനുകള്‍ പൊട്ടിയതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്ന് ദി സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.






