
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വാദപ്രതിവാദങ്ങളില്‍ കര്‍ശന നിലപാടുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് നിലവില്‍ പാര്‍ട്ടിയില്‍ യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചയാക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ താക്കീത് നല്‍കി.
ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭരണഘടനാപരമായ രീതികളുണ്ട്. അത് പാലിക്കപ്പെടും. വിജയപ്രതീക്ഷയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായപ്രകടനത്തോട് സണ്ണി ജോസഫ് പരസ്യമായി വിയോജിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്നും പറഞ്ഞു. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരന്‍ പോസ്റ്റിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലെ ഔദ്യോഗിക വേദികളിലാണ് ഉന്നയിക്കേണ്ടത്. ഫേസ്ബുക്കിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയുന്നത് പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതാണ്. ഇത് വലിയ രീതിയിലുള്ള സൈബര്‍ പോര് ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാകാന്‍ കാരണമായിരുന്നു.
രമ്യ ഹരിദാസ്, സന്ദീപ് വാര്യര്‍ തുടങ്ങിയ നേതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കാളികളായതോടെ വിഷയം വഷളായി. അണികള്‍ക്കിടയിലുണ്ടായ ഈ ചേരിതിരിവ് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയമാണിത്. വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പറഞ്ഞു.






