
ഹൈദരാബാദ്: കൂടുതല്‍ സമയവും രണ്ടാം ഭാര്യയ്ക്കൊപ്പം ചിലവഴിച്ച അച്ഛനെ മകന് തലയ്ക്ക് അടിച്ചു കൊന്നു. സംഭവത്തില്‍ ഹൈദരാബാദ് രാമനാഥപൂര്‍ സ്വേദശിയായ പാണ്ഡു സാഗര്‍ (54) ആണ് കൊല്ലപ്പെട്ടത്. ഇയാളെ പ്രകോപിതനായ മകന് പവന് (23) ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാഗര്‍ അധികസമയവും രണ്ടാം ഭാര്യയ്ക്കൊപ്പം ചിലവഴിക്കുകയും തങ്ങള്‍ക്ക് പണം നല്കാത്തതുമാണ് പവനെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സാഗര്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഉപ്പാളിലെ ഫ്ളാറ്റില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സാഗറിന്റെ ആദ്യഭാര്യയിലെ മകനായ പവന് തിങ്കളാഴ്ച ഉപ്പാളിലെ ഫ്ളാറ്റില്‍ എത്തിയിരുന്നു. ഇവിടെ വച്ച് പവനും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. വഴക്ക് അതിരുകടന്നപ്പോള്‍ മകന് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗര്‍ തല്‍ക്ഷണം മരിച്ചു. കൃത്യം നടന്ന ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിറ്റേ ദിവസമാണ് പോലീസ് പിടികൂടിയത്.
സാഗറിന് ആദ്യ വിവാഹത്തില്‍ പവന് ഉള്‍പ്പെടെ മൂന്ന് ആണ്മക്കളാണ് ഉള്ളത്. നാലു വര്‍ഷം മുന്‍പായിരുന്നു സാഗറിന്റെ രണ്ടാം വിവാഹം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സാഗര്‍ രണ്ടാം ഭാര്യയ്ക്കൊപ്പമാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്. അതിനാല്‍ സാഗര്‍ തങ്ങളെ സന്ദര്‍ശിക്കാനോ പണം നല്‍കാനോ വരാറില്ലെന്നു മക്കളും ആദ്യഭാര്യയും പരാതിപ്പെട്ടിരുന്നു. പണം മുഴുവനും രണ്ടാം ഭാര്യയ്ക്ക് നല്കുന്നു എന്നായിരുന്നു ഇവരുടെ വാദം. ഇതില്‍ മാറ്റം ഒന്നും കാണാഞ്ഞതോടെ പവന് നേരിട്ട് സാഗറിനെ കാണാന്‍ എത്തുകയും അത് കൊലപാതകത്തിന് വഴിയൊരുക്കുകയും ആയിരുന്നു.






