
കൊച്ചി: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അടുപ്പമോ വിരോധമോ ഇല്ലെന്ന് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ. മതേതരത്വത്തിന് പ്രധാന്യം നല്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയും സഭയുടെ സുഹൃത്തുക്കള്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് മലങ്കര സഭയിലെ സഭാംഗങ്ങള്‍. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിനാല്‍ സഭ പൊതുവായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആമുഖ്യം പുലര്‍ത്തുന്ന രീതി നിലവിലില്ല.' എന്നാണ് സഭയുടെ നിലപാട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മതേതരത്വത്തിന് ഭീഷണിയാവുന്ന എന്തെങ്കിലും ഉണ്ടായാല്‍ അതിനെ വിമര്‍ശിക്കാനും പ്രതിരോധിക്കാനും സഭ ശ്രമിക്കുമെന്നും സഭാധ്യക്ഷന് പറഞ്ഞു.
ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസും സമാന നിലപാട് അറിയിച്ചിരുന്നു. ബിജെപി ക്രൈസ്തരവരെ വേട്ടയാടി പിടിക്കാനുള്ള ശ്രമത്തിലാണെന്നും ഗോധ്ര കലാപകാലത്ത് കന്യാസ്ത്രീളേയും വൈദികരേയും നഗ്നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവര്‍ മറക്കില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.ഈസ്റ്റര്‍ ദിനത്തില്‍ മോദി പളളി സന്ദര്‍ശിച്ചത് അപഹാസ്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങളെ ചെറുക്കാന്‍ തയ്യാറാകാത്തത് വിചാരധാരയെ സാധൂകരിക്കുന്നതിനാലാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.






