
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. ശിവശങ്കറിന്റെ സ്വാഭാവിക ജാമ്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 59ാം ദിവസമാണ് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്. ലൈഫ് മിഷന് കോഴക്കേസിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്നാണ് ഇഡി ആരോപിക്കുന്നത്.
കേസില്‍ ഫെബ്രുവരി 15 ന് അറസ്റ്റിലായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ലൈഫ് മിഷന് പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. പദ്ധതിക്കുവേണ്ടി യുഎഇ റെഡ് ക്രസന്റ് നനല്‍കിയ ഫണ്ടില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനെ തുടര്‍ന്ന് ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ മാര്‍ച്ച് രണ്ടിന് എറണാകുളം സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു. ശിവശങ്കറിന് ജാമ്യം നല്കിയാല് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ വാസ്തവമില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ ഹര്‍ജി നല്‍കിയത്.






