
പാറ്റ്ന: ഇതര ജാതിക്കാരെ പ്രണയിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ പെണ്മക്കളെ വെട്ടി കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപ്പൂരിലാണ് സംഭവം. പതിനെട്ടുകാരി റോഷ്നി കുമാരി, പതിനാറു വയസ്സുള്ള തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് റിങ്കു കുമാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒളിവിലായ പിതാവിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ബിഹാറിലെ വൈശാലി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ വേദനിപ്പിക്കുന്ന കൊടും ക്രൂരത അരങ്ങേറിയിരിക്കുന്നത്. കൊലപാതകശേഷം വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ പെണ്മക്കളുടെ മൃതദേഹങ്ങള്‍ക്കു സമീപം ഇരിക്കുകയായിരുന്നു മാതാവ് റിങ്കു ദേവി. എന്നാല്‍ പെണ്‍കുട്ടികളുടെ പിതാവ് ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടികളെ ഉറങ്ങിക്കിടന്നപ്പോള്‍ ശ്വാസം മുട്ടിച്ചാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. ഇതര ജാതിക്കാരുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് റിങ്കു ദേവി പോലീസിനു മൊഴി നല്കി. തങ്ങള്‍ എതിര്‍ത്തിട്ടും മക്കള്‍ അത് വകവച്ചില്ല. വീട്ടില്‍ അറിയിക്കാതെ അവര്‍ കാമുകന്മാര്ക്കൊപ്പം പലപ്പോഴായി പുറത്തുപോകുമായിരുന്നു എന്നാണ് മാതാവ് പോലീസിന് നല്കിയ മൊഴി. ഈ പെണ്‍കുട്ടികള്‍ കാമുകന്മാര്ക്കൊപ്പം മുന്‍പ് ഒളിച്ചോടുയിരുന്നെന്നും പിന്നീട് നാട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും ആണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍.
മാതാപിതാക്കള്‍ക്ക് ഇരുവര്‍ക്കും കുട്ടികളുടെ മരണത്തില്‍ പങ്കുണ്ടന്നൊണ് പോലീസിന്റെ കണ്ടെത്തല്‍. ആദ്യം പിതാവ് ആണ് കൊലപാതകം നടത്തിയതെന്ന് മാതാവ് മൊഴി നല്‍കിയെങ്കിലും പിന്നീട് മാതാവും കുറ്റം സമ്മതം നടത്തുകയായിരുന്നെന്ന് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓം പ്രകാശ് വ്യക്തമാക്കി.






