
പീരുമേട്: ഏലപ്പാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം നാടുവിടാന്‍ ശ്രമിച്ച വെസ്‌റ്റ് ബംഗാള്‍ സ്വദേശിയെ കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ പോലീസ് പിടികൂടി.
വെസ്‌റ്റ് ബംഗാള്‍ സ്വദേശി സെയ്‌ഫുദീന്‍ മൊണ്ടല്‍ (33) ആണ് പിടിയിലായത്. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.
ഏലപ്പാറയിലെ ലോഡ്‌ജിലാണ് മനുവിനെ ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനുവിനൊപ്പം താമസിച്ചിരുന്ന സെയ്‌ഫുദീന്‍ കൊല നടത്തിയ ശേഷം മുങ്ങുകയായിരുന്നു. ഇരുവരും ഏലപ്പാറയിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരായിരുന്നു. ഇവര്‍ തമ്മില്‍ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഇതിനിടയിലാണ് മനു കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലോഡ്‌ജിലെ ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പീരുമേട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ സ്‌ഥലത്തെത്തിച്ച് ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.






