കൊല്ലം: മുഖത്തല കിഴവൂര്‍ ചെമ്പകശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ അറസ്‌റ്റില്‍.മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെയും സൗമ്യയുടെയും മകന്‍ തേജസ് (അമ്പാടി-19) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കിഴവൂര്‍ സ്വദേശികളായ ആദിത്യന്‍ (ടുട്ടു-19), വിനു (26), പ്രിജിത് (27), അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് അറസ്‌റ്റിലായത്. ഉത്സവ ഫ്‌ളോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയെന്നാരോപിച്ചാണ് അക്രമിസംഘം തേജസിനെ നടുറോഡില്‍ കുത്തിക്കൊന്നത്. ഒളിവില്‍പോയ പ്രതികളെ വെളിച്ചിക്കാലയില്‍ അഖില്‍രാജിന്റെ വീട്ടില്‍നിന്ന് പിടികൂടി.
തേജസിനെ സംഘംചേര്‍ന്ന് മര്‍ദിക്കുന്നതിനിടെ ആദിത്യന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ളോട്ടില്‍ എല്‍.ഇ.ഡി. കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിന്റെ നിലവിളി ആരും കേട്ടില്ല. ഫ്‌ളോട്ട് കടന്നു പോയശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കിക്കിടത്തി.
അതുവഴി വന്ന പിക്‌അപ് ഓട്ടോറിക്ഷയില്‍ ഉടന്‍ പാലത്തറയിലെ സഹകരണാശുപത്രിയില്‍ എത്തിച്ചു. സ്‌ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേര്‍ക്കു ജാമ്യം അനുവദിച്ചു. മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
പുനലൂര്‍ നെല്ലിപ്പള്ളി ഗവ. കമേഴ്‌സ്യല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു തേജസ്. സഹോദരി: ലച്ചു.
അടുത്തിടെ കൊല്ലം മരുത്തടയില്‍ ഉത്സവാഘോഷത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.






