
കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. ഇയാളെ പിന്നീട് വടകര റൂറല്‍ എസ് പി ഓഫീസിലേക്കെത്തിച്ചു. ഈ മാസം ഏഴാം തിയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. പ്രത്യക അന്വേഷണ സംഘമാണ് കര്‍ണാടകയില്‍ വെച്ച് ഷാഫിയെ കണ്ടെത്തിയത് എന്ന തരത്തിലുള്ള സൂചനകള്‍ വന്നിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ തട്ടിക്കൊണ്ടുപോയത് ആരെന്നോ, എന്തിനെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. ഷാഫിയെ രാത്രിയോടെ താമരശ്ശേരിയില്‍ എത്തിയ്ക്കും.
ഈ മാസം ഏഴിനാണ് താമരശ്ശേരി പരപ്പന്‍ പോയിലിലെ വീട്ടില്‍നിന്ന് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് ഗുണ്ടാ സംഘം കടന്നു കളയുകയായിരുന്നു.സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച കാര്‍ കാസര്‍കോട് നിന്നും കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായ വഴിത്തിരിവായത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കാസര്‍കോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്, ഹുസൈന് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് ഷാഫിയെ കണ്ടെത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളത് ആരെല്ലാം, തടങ്കലില്‍ പറപ്പിച്ചത് എവിടെ തുടങ്ങിയ നിര്‍ണായ വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
തട്ടിക്കൊണ്ടു പോയ ശേഷം ഷാഫിയുടെ രണ്ട് വീഡിയോ പുറത്തു വന്നിരുന്നു. സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയതെന്ന് ആണ് ഷാഫി ആദ്യ വീഡിയോയില്‍ പറഞ്ഞത് എങ്കില്‍ തന്റെ സഹോദരന് നൗഫലിനെതിരെ ആരോപണം ഉന്നയിക്കുന്നതായിരുന്നു ഷാഫിയുടെ രണ്ടാമത്തെ വീഡിയോ. ഇതെല്ലാം അന്വേഷണം വഴിതെറ്റിക്കാന്‍ തട്ടിക്കൊണ്ടുപോയ ഗുണ്ടാ സംഘം നടത്തിയ നീക്കങ്ങള്‍ എന്നാണ് പൊലീസ് വിലയിരുത്തിയത്.






