
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ക്രിസ്ത്യാനികളുടെ വീടുകളും ക്രൈസ്തവ സഭകളുടെ ആസ്ഥാനവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതും മതമേലദ്ധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകളും ഇപ്പോഴും വലിയ ചര്‍ച്ചയായി മുമ്പോട്ട് പോകുമ്പോള്‍ സമാന രീതിയില്‍ റംസാനില്‍ മുസ്ലീങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എടുത്ത തീരുമാനത്തില്‍ ബിജെപി മാറ്റം വരുത്തുന്നു.
സ്നേഹ സംഗമം റംസാന് ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നും നഗരങ്ങളില്‍ കഴിയുന്ന മുസ്ലിമുകളെ മാത്രം നേരില്‍ കണ്ടാല്‍ മതിയെന്നുമാണ് ബിജെപിയുടെ തീരുമാനം. ഗ്രാമങ്ങളിലെ ദരിദ്രരായ ഇസ്ലാമിക വിശ്വാസികളായ ആള്‍ക്കാര്‍ക്കിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള വിവിധ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണവും പ്രചരണങ്ങളും നടത്തും. ബിജെപിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മുമ്പെടുത്ത തീരുമാനത്തില്‍ കാര്യമായ രീതിയില്‍ തന്നെ മാറ്റം കൊണ്ടുവരുന്നത്.
ദാരിദ്രനിര്‍മാര്‍ജന പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കാനാണ് നേതൃത്വത്തിന്റെ നിര്‍ദേശം. നഗരമേഖലയില്‍ താമസിക്കുന്ന വ്യവസായികളും കച്ചവടക്കാരും താമസക്കാരുമായ മുസ്ലീങ്ങളില്‍ നരേന്ദ്രമോഡിയോട് മുമ്പത്തേക്കാളും അടുപ്പം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുപോലെ തന്നെ ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ മേഖലകളിലെ ദരിദ്രരായ മുസ്ലിം സമുദായക്കാര്‍ക്ക് മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ ഗുണം ചെയ്തുവെന്നും അതുകൊണ്ട് തന്നെ അവരുടെ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്നും വിലയിരുത്തുന്നുണ്ട്.
മുത്തലാഖ് നിരോധിച്ചതോടെ മോദിയുടെ നിലപാടുകളോട് യോജിക്കുന്നവരായി മുസ്ലിം സ്ത്രീകള്‍ മാറിയെന്നും ബിജെപി കരുതുന്നു. മുസ്ലിം സമുദായത്തിലെ അഭ്യസ്ഥവിദ്യര്‍ ബിജെപിയുടെ നയങ്ങളെ എിര്ക്കുന്നില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഒരു സീറ്റ് പോലും നേടിയിട്ടില്ലാത്ത ബിജെപി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ക്രൈസ്തവസഭാ ആസ്ഥാനങ്ങള്‍ ഈസ്റ്റര്‍ദിനത്തില്‍ സന്ദര്‍ശിച്ചത്. സമാന രീതിയില്‍ മുസ്ലീം വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനും കനത്ത ശ്രമമാണ് നടത്തുന്നത്.






