
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനെക്കുറിച്ച് പറയാറ്. എന്നാല്‍ ഇത്രയും സുരക്ഷയുള്ള ഇവിടേയ്ക്ക് കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് ഒരാള്‍ നുഴഞ്ഞുകയറി. കൗതുകം കൂറിയ ഒരു കൊച്ചു കുട്ടിയായിരുന്നു ഈ നുഴഞ്ഞുകയറ്റക്കാരന്.
എക്സിക്യൂട്ടീവ് ബംഗ്ളാവിന്റെ വടക്കുവശത്തുള്ള ലോഹവേലിക്കടിയിലൂടെ 'ചെറിയ കുട്ടി' ഞെരുങ്ങി കയറുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിനെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും പെന്‍സില്‍വാനിയ അവന്യൂവിലുള്ള മാതാപിതാക്കളുടെ കയ്യിലേക്ക് കൈമാറുകയും ചെയ്തു. സമുച്ചയത്തിലേക്കുള്ള പ്രവേശനം ഹൃസ്വമായി നിയന്ത്രിച്ച ശേഷമാണ് കുട്ടിയെ കൈമാറിയത്. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യലിനും വിധേയമാക്കി.
''കൗതുകം കൊണ്ട് വൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ ചെറുതായി നുഴഞ്ഞുകയറിയ ഒരു യുവ സന്ദര്‍ശകനെ നോര്‍ത്ത് ഫെന്‍സ് ലൈനിലൂടെ ഉദ്യോഗസ്ഥര്‍ നേരിട്ടു.'' എന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വക്താവ് ആന്റണി ഗുഗ്ളിയല്മീ തമാശയായി പറഞ്ഞത്. വൈറ്റ് ഹൗസ് സുരക്ഷാ സംവിധാനങ്ങള്‍ തല്‍ക്ഷണം ഇയാളെ പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു എന്നും പറഞ്ഞു.
ഇതിനെ സുരക്ഷാവീഴ്ചയെന്ന് പരിഗണിക്കാമെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന് യാതൊരു സുരക്ഷാഭീഷണിയില്ലെന്നും കുട്ടിയ്ക്ക് പിഴയിട്ടിട്ടില്ലെന്നും പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായ സമയത്ത് പ്രസിഡന്റ് ജോ ബൈഡന് അത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.
യുഎസ് സീക്രട്ട് സര്‍വീസ് യൂണിഫോംഡ് ഡിവിഷന് ഓഫീസര്മാര്മാര്ക്കാണ് വൈറ്റ് ഹൗസിലെ സുരക്ഷാ ചുമതല. 'ഏറ്റവും ചെറിയ നുഴഞ്ഞുകയറ്റക്കാരന്' എന്ന പദവി നേടിയ ആദ്യത്തെ അതിക്രമിയായിരുന്നു കൗതുകമുള്ള ഈ പിഞ്ചുകുട്ടിയെന്നാണ് ഇവരുടെ പ്രതികരണം.
സുരക്ഷാ ലംഘനങ്ങള്‍ക്ക് പിന്നാലെ സമീപ വര്‍ഷങ്ങളില്‍ വൈറ്റ് ഹൗസ് വേലിയുടെ ഉയരം ഏകദേശം 13 അടി (3.96 മീറ്റര്‍) കൂട്ടി ഇരട്ടി ഉയരമാക്കിയിട്ടുണ്ട്. പോസ്റ്റുകള്‍ക്കിടയില്‍ ആകെ അഞ്ചര ഇഞ്ച് (12.7 സെന്റീമീറ്റര്‍) ആയിരുന്നു വിടവ്. ഉയരം കൂടിയപ്പോള്‍, പിക്കറ്റുകള്ക്കിടയില് കൂടുതല്‍ അകലം വന്നു. പ്രായമായ കുട്ടികള്‍ മുമ്പ് ഇവിടെ കുടുങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ട്. സമരങ്ങളുടെ ഭാഗമായി പ്രകടനക്കാര്‍ വേലിയില്‍ സ്വയം ചങ്ങലയ്ക്കിട്ടു പ്രതിഷേധിക്കാറുമുണ്ട്.






