
കൊയിലാണ്ടി: ഛര്‍ദ്ദിയെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം . സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റൊരാളെ ലക്ഷ്യം വെച്ച് നടത്തിയ നീക്കമാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ താഹിറ എന്ന 38 കാരിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
താഹിറ മരണമടഞ്ഞ 12 കാരന് അഹമ്മദ് ഹസന് റിഫായിയുടെ പിതാവ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ സഹോദരിയാണ്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്. കുട്ടി കഴിച്ച ഐസ്ക്രീമില് വിഷം കലര്ത്തിയിരുന്നതായുള്ള പോലീസിന്റെ കണ്ടെത്തലാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയാന്‍ കാരണമായത്.
മുഹമ്മദലിയുടെ വീടും താഹിറയുടെ വീടും അടുത്തടുത്താണ്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ട് അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമില് എലിവിഷം ചേര്‍ത്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇത് കുട്ടി എടുത്തു കഴിക്കുകയായിരുന്നു. ഐസ്ക്രീമില് വിഷം ചേര്‍ത്തത് താനാണെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു.
താഹിറക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു.
ഐസ്ക്രീമില് നിന്നാണ് വിഷബാധയേറ്റതെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യവിഷബാധയെന്ന സംശയവും ഉയര്‍ന്നിരുന്നു. ഐസ്ക്രീം വിറ്റ കട അടപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. പലരെയും ചോദ്യം ചെയ്ത ശേഷം ഒടുവില്‍ താഹിറയിലേക്ക് എത്തുകയായിരുന്നു.






