
പ്രയാഗ്രാജ്: ക്രിമിനല്‍ രാഷ്ട്രീയക്കാരന് ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ മുങ്ങിയ ഭാര്യ ഷെയ്സ്ത പര്‍വീണിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിനൊപ്പം ചേര്‍ന്ന് ഷെയ്തയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന പ്രയാഗ്രാജ് പോലീസ് പ്രയാഗ്രാജിന്റെ അതിര്ത്തിയാാ ഗംഗാ കച്ചാറിലും സമീപപ്രദേശമായ കൗഷംബിയിലും വീടുവീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുകയാണ്.
തെരച്ചിലിനായി ഗ്രാമത്തിന്റെ ഉയരക്കാഴ്ചകള്‍ പരിശോധിക്കാന്‍ ഡ്രോണുകളും പോലീസ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഷെയ്സ്തയും മറ്റു രണ്ടുപേരുടെയും നീക്കങ്ങള്‍ സംബന്ധിച്ച ചെറിയ വിവരങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് ഭെരേതാ ഏരിയയില്‍ നിന്നുമാണ് തെരച്ചില്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 20 ദിവസമായി ഷെയ്സതയുടെ നീക്കങ്ങള്‍ മൂന്ന് തവണ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ വഴുതിപ്പോകുകയായിരുന്നു. നിരന്തരം ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണ് ഷെയ്സ്ത. പോലീസ് പിന്തുടരുന്നത് ഒഴിവാക്കാനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയാണ് നീക്കം. ഇതിന് പുറമേ പോലീസിലെ തന്നെ ഒറ്റുകാരുടെ സഹായവും ഇവര്‍ക്ക് കിട്ടുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
അതേസമയം പോലീസിന്റെ ശ്രമത്തിന് ഇതുവരെ കാര്യമായ പ്രതിഫലം ഉണ്ടായിട്ടില്ല. കസാരി മസാരിയിലെ കുടുംബവീട് പോലും ഉപേക്ഷിച്ചാണ് ഷെയ്സതയുടെ നീക്കം. ഫെബ്രുവരി 24 ന് ഉമേഷ്പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആതിഖ് അഹമ്മദിനും മകനും ഒപ്പം പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ മുതലാണ് ഷെയ്സതയുടെ ഒളിവുജീവിതം തുടങ്ങിയത്. ഇവരുടെ തലയ്ക്ക് 50,000 രൂപയാണ് പോലീസ് ഇനാം ഇട്ടിരിക്കുന്നത്. ഈ മാസം ആദ്യം ഷെയ്സ്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രയാഗിലെ കോടതി തള്ളിയിരുന്നു.
ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംലത്തില് പ്രധാനപങ്ക് വഹിച്ചിരുന്നയാളാണ് ഷെയ്സ്ത എന്നാണ് പോലീസിന്റെ ഏറ്റുവം പുതിയ റിപ്പോര്‍ട്ട്. ഇവര്‍ ഭര്‍ത്താവിനെ കാണാന്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അതുപോലെ തന്നെ നഗരത്തിലെ ഒരു വസ്തുക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയതിനും മകനും മറ്റു രണ്ടു പേര്‍ക്കുമൊപ്പം ചേര്‍ന്ന് വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കിക്കൊടുത്തതിനും കേസുണ്ട്.






