
വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി വി കെ ശ്രീകണ്ഠന്. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചെങ്ങന്നൂരിലും ഷൊര്‍ണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. അതിനെതിരെ പ്രതിഷേധം ഉയരുന്ന ഘട്ടത്തിലാണ് എംപിയുടെ പ്രതികരണം.
' ഷൊര്‍ണൂരില്‍ സ്റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയില്‍വേ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന അറിയിപ്പാണ് ലഭിച്ചത്. ട്രെയിന്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കാട്ടികൂട്ടിയ കാര്യങ്ങള്‍ ഏറെ ലജ്ജാകരമാണ്. ഇതില്‍ രാഷ്ട്രീയ മുതലെടുപ്പിന്റേതൊന്നും കാര്യമില്ല.' ശ്രീകണ്ഠന് പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ആശ്രയിയ്ക്കാന്‍ കഴിയുന്ന പ്രധാന റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. അതിനാലാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. കൂടാതെ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനാണ് ഷൊര്‍ണൂര്‍.
വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കും എന്നുതന്നെയാണ് കരുതുന്നത്. ഇല്ലാത്തപക്ഷം താന്‍ ട്രെയിനിന് ചുവപ്പ് കൊടി കാണിക്കുമെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു. കേന്ദ്രത്തോട് വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ധരിപ്പിച്ചതായി വി മുരളീധരന് ട്വിറ്ററിലൂടെ അറിയിച്ചു.






