
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാസ്കീം ചോര്‍ന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം സഹിതമാണ് ചോര്‍ന്നത്. പോലീസിന് ഉണ്ടായിരിക്കുന്ന ഗുരുതര വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോലീസ് സുരക്ഷയുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ 45 പേജുകള്‍ വരുന്ന സ്കീമാണ് ചോര്‍ന്നത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍, പരിപാടിയില്‍ പങ്കെടുക്കുന്നവര്‍, പ്രധാനമന്ത്രി കടന്നുപോകുമ്പോള്‍ യാത്രയില്‍ ഓരോ പോസ്റ്റില്‍ നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍, ആഹാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് തുടങ്ങി പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സംസ്ഥാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാ സുരക്ഷാവിവരങ്ങള്‍ അടുങ്ങുന്ന സ്കീമാണ് ചോര്‍ന്നത്. സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ സ്കീം ചോര്‍ത്തിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ 17 ാം തീയതി ബിജെപി സംസാഥാന കമ്മറ്റി ഓഫീസില്‍ പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തില്‍ ആക്രമണം നടത്തുമെന്ന് കാണിച്ച് ഒരു ഊമക്കത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാസ്കീമും ചോര്‍ന്നിരിക്കുന്നത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ താനും കുടുംബവും ചാവേറാക്രമണം നടത്താനിരിക്കുകയാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഈ മാസം 24 നാണ് പ്രധാനമന്ത്രിയുടെ കേരളാസന്ദര്‍ശനം. റോഡ്ഷോയിലും യുവാക്കളുടെ സമ്മേളനത്തിലൂം പങ്കെടുക്കും.
കേരളത്തില്‍ മതതീവ്രവാദ ശക്തികളും രാജ്യദ്രോഹശക്തികളും ശക്തമാണെന്ന് പോലീസ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് എന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം. ബിജെപി ഓഫീസില്‍ വന്ന കത്തിനെക്കുറിച്ച് അന്വേഷണം നടത്തി ആളെ കണ്ടുപിടിക്കുന്നതിന് പകരം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യം ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങളെ വിളിച്ചറിയിച്ചിരിക്കുകയാണെന്നും പ്രതികരിച്ചു.






