
നോട്ടില്‍ എഴുതാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും അതിന്റെ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ കുറിപ്പുകളെഴുതി കൈമാറുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ഒരു പത്ത് രൂപാ നോട്ടില്‍ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വൈറലായത്. ഈ നോട്ടില്‍ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്.
വൈറലായ 10 രൂപ നോട്ടിലെ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, 'വിശാലേ, എന്റെ വിവാഹം ഏപ്രില്‍ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,'' വിപുല്‍2777 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ട്വിറ്റര്‍ നിങ്ങളുടെ ശക്തി കാണിക്കൂ... കുസുമത്തിന്റെ സന്ദേശം ഏപ്രില്‍ 26 ന് മുമ്പ് വിശാലിലെത്തണം. ദോ പ്യാര് കര്‍നേ വാലേ കോ മിലന് ഹേ.. നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ വിശാലുമാര്ക്കും ടാഗ് ചെയ്യുക. എന്നാണ് വിപുല്‍ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ കുറിപ്പ് വൈറലായി.
ചിത്രം ഏപ്രില്‍ 18 നാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ മറ്റൊരു 10 രൂപ നോട്ടില്‍ കുസുമത്തിന് മറുപടിയെന്നോണം ഒരു സന്ദേശവും ലഭിച്ചു. ''കുസുമമേ, എനിക്ക് നിങ്ങളുടെ സന്ദേശം ലഭിച്ചു. നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ വരും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ വിശാല്‍,' എന്നാണ് ഇതില്‍ കുറിച്ചിരിക്കുന്നത്.






