
സുഡാനിലെ സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാന് ആലോചന. ഇതിനായി റോഡ് മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമായും പരിഗണിക്കുന്നതായാണ് സൂചന. രണ്ടാഴ്ചയിലേറെയായി സുഡാനിലെ അര്‍ധസൈനികവിഭാഗവും സേനയും തമ്മില്‍ തുടരുന്ന സംഘര്‍ഷം നിമിത്തം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തുടര്‍ച്ചയായി തുടരുന്ന ഏറ്റുമുട്ടലും വെടിവപ്പും കാരണം കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ സാഹചര്യം വിലയിരുത്തി ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്ന് ലഭിപ്പിക്കുന്ന വിവരം.
സര്‍ക്കാര്‍, വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം വൈകുന്നതിനുളള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് റോഡ് മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഡാനിലെ സംഘര്‍ഷഭരിതമേഖലകളില്‍ കുടുങ്ങിപ്പോയ 3,000ത്തോളം ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തരപദ്ധതികള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുഡാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തത്ക്കാലം ഇവിടെ തുടരും. എന്നാല്‍ ഖര്‍ത്തൂമിലെ യുഎസ് എംബസി സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ പ്രവര്‍ത്തനം നിര്‍ത്തുകയും ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു.
സുഡാനില്‍ നാലായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗം പേരും സംഘര്‍ഷത്തിന് തുടക്കമിട്ട ഖര്‍ത്തൂമില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രധാനമന്ത്രി സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതായും ഇവിടത്തെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെ 157 പേരടങ്ങുന്ന സംഘത്തെ ബോട്ടുകളില്‍ സുഡാനില്‍ നിന്ന് സൗദി നാവികസേനയുടെ നേതൃത്വത്തില്‍ ജിദ്ദയിലെത്തിച്ചിരുന്നു. ഈ സംഘത്തില്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, യുഎ ഇ. ടുണീഷ്യ,ഈജിപ്ത്, പാകിസ്താന്, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നു.






