
ആധുനീക ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കുറച്ച് ദിവസങ്ങളെ മാത്രം ഉള്‍പ്പെടുത്തി ആദിമ മായന്‍ കലണ്ടര്‍ നിര്‍മ്മിച്ചതിനെ സംബന്ധിച്ച് ഇതുവരെയും ഉത്തരം നല്കാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ നിഗൂഢതയുടെ ചുരുള്‍ അഴിച്ചെന്ന അവകാശവാദവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് രണ്ട് ഗവേഷകര്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗ്രിഗോറിയന്‍ കലണ്ടറിലുളളത് 365 ദിവസങ്ങളാണ്. അതായത് ഒരു വര്‍ഷം പുര്‍ത്തിയാകുന്നത് 365 ദിവസം കൊണ്ട്. എന്നാല്‍, ഈ കലണ്ടര്‍ പ്രചാരത്തിലെത്തുന്നതിന് മുമ്പ് തെക്കേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്നത് മായ കലണ്ടറായിരുന്നു. ഈ കലണ്ടറില്‍ 819 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ആദിമ ജ്യോതിശാസ്ത്രജ്ഞര്‍ ഇത്രയും ദിവസങ്ങളെ ഉള്‍പ്പെടുത്തി കലണ്ടര്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്താന്‍ ആധുനീക ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ കലണ്ടര്‍ സംബന്ധിച്ചുളള വിവരങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുകയാണ് ഇപ്പോള്‍ രണ്ട് ഗവേഷകര്‍.
മായ കലണ്ടര്‍ ബിസി അഞ്ചാം നൂറ്റാണ്ടിലാണ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, ഒരു വര്‍ഷത്തെ ദിവസങ്ങളുടെ കണക്കില്‍ നിന്ന് മായ കലണ്ടര്‍ ഏറെ വ്യത്യാസപ്പെട്ടിരുന്നു. 1940 കളിലാണ് മായ കലണ്ടര്‍ കണ്ടെത്തുന്നത്. ഇതിലെ ദിവസങ്ങളുടെ എണ്ണം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പിന്നീട് വന്ന ഗവേഷകര്‍ക്കോ ശാസ്ത്രജ്ഞര്‍ക്കോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മായ കലണ്ടര്‍ ഒരു വര്‍ഷം 819 ദിവസങ്ങളായി വിഭജിച്ചതിന്റെ കാരണം കണ്ടെത്തിയതായി ജോണ്‍ ലിന്‍ഡന്‍, വിക്ടോറിയ ബ്രിക്കര് എന്നീ ടുലെയ്ന്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞര്‍ 'ഏന്‍ഷ്യന്റ് മെസോഅമേരിക്ക' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇത് ആകാശത്തിലെ ഒരു ഗ്രഹം, തന്റെ യാത്ര തുടങ്ങിയ അതേ ബിന്ദുവിലേക്ക് മടങ്ങാന്‍ എടുക്കുന്ന സമയവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ കാലയളവ് സിനോഡിക് കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. കലണ്ടറിലെ 819-ദിവസത്തെ 20 കാലഘട്ടങ്ങളായി വിഭജിക്കുന്നു. ഇതിലൂടെ ദൃശ്യമാകുന്ന എല്ലാ ഗ്രഹങ്ങളുടെയും സിനോഡിക് കാലഘട്ടങ്ങള്‍ 819 ദിവസത്തെ കലണ്ടറിലെ ഒരു പ്രത്യേക പോയന്റില്‍ പൊരുത്തപ്പെടുന്ന ഒരു പാറ്റേണായി മാറുന്നു. എന്നാല്‍ ഇതിന് 819 ദിവസങ്ങളുള്ള 45 വര്‍ഷങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതായത് ചില ഗ്രഹങ്ങളുടെ ഒരു പരിക്രമണത്തിന് മായന്‍ കലണ്ടര്‍ പ്രകാരം 45 വര്‍ഷം വേണ്ടിവരുന്നു. ബുധന്‍ 15,588 ദിവസമാണ് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ആവശ്യം. മായ കലണ്ടര്‍ 260 മുതല്‍ 819 ദിവസങ്ങള്‍ വരെയുളള സങ്കീര്‍ണമായ കണക്കുകള്‍ അടങ്ങിയതാണ്. ഗവേഷകര്‍ ഇത് ഇന്ന് ദൃശ്യമായ എല്ലാ ഗ്രഹങ്ങളുടെയും സിനഡ് കാലഘട്ടങ്ങളെയും കലണ്ടര്‍ റൗണ്ട്, സോള്ക്കിന്് തുടങ്ങിയ അവയുടെ ഗ്രഹ ഭ്രമണങ്ങളുടെ ആരംഭ ബിന്ദുവിനെ കണ്ടെത്താന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.






