
മൂന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ വികസിപ്പിച്ച റാഷിദ് റോവര്‍ ചൊവ്വാഴ്ച രാത്രി 8.40നാണ് ചന്ദ്രനിലിറങ്ങുക. സാങ്കേതിക തകരാറോ, കാലാവസ്ഥയോ വെല്ലുവിളിയായാല്‍ ഏപ്രില്‍ 26, മെയ് 1, മെയ് 3 എന്നീ ദിവസങ്ങളിലേക്ക് ഇതിന്റെ ലാന്റിങ് നീണ്ടേക്കും.
ഈ ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്കും പഴയ സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ചാന്ദ്ര ദൗത്യം വിജയകരമായി നടത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. ഇതില്‍ പ്രധാനമായും ചന്ദ്രോപരിതലത്തെക്കുറിച്ചും, ചന്ദ്രോപരിതലത്തിലെ മണ്ണ്, പൊടിപടലം, ശിലകള്‍, പ്ലാസ്മയുടെ അവസ്ഥ , കാറ്റിന്റെ ഗതി, കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ചുമുളള പഠനത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
റാഷിദ് റോവറിന് 70 സെന്റീമീറ്റര്‍ ഉയരവും, 50 സെന്റീമീറ്ററ് വീതം നീളവും, പത്ത് കിലോ ഭാരവുമാണുളളത്. വിവിധ ആങ്കിളില്‍ ചിത്രങ്ങളെടുക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറകള്‍, ചെറു വിവരങ്ങള്‍ ശേഖരിക്കുന്ന മൈക്രോസ്കോപിക് ക്യാമറ, തെര്‍മല്‍ ഇമേജിങ് ക്യാമറ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ ക്യാമറകള്‍ സൗരോര്‍ജത്തിലാകും പ്രവര്‍ത്തിക്കുക.






