
കഴിഞ്ഞ ദിവസം ജിറോണയോട് ദയനീയമായി തോറ്റ റയല്‍മാഡ്രിഡിന് സ്പാനിഷ് ലാലിഗയില്‍ ആശ്വാസം. കിരീടം ഉറപ്പാക്കാന്‍ ഇറങ്ങിയ മത്സരത്തില്‍ ബാഴ്സിലോണയ്ക്കും തോല്‍വി. റയോ വല്ലേക്കാനോയോട് 2-1 നായിരുന്നു ബാഴ്സിലോണയുടെ തോല്‍വി. ഇതോടെ ബാഴ്സയുമായി റയലിന്റെ പോയിന്റ് വ്യത്യാസം 11 പോയിന്റായി കുറഞ്ഞു. രണ്ടു ടീമിനും ഏഴു മത്സരം കൂടി ബാക്കിയുണ്ട്.
ഗാഴ്സിയ റിവേറയും ഗാഴ്സിയ ടോറസും വല്ലേക്കാനോയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ലെവന്‍ഡോവ്സ്ക്കിയാണ് ബാഴ്സയുടെ ഗോള്‍ മടക്കിയത്. 2018-19 സീസണ് ശേഷം കിരീടവരള്‍ച്ച നേരിടുന്ന ബാഴ്സയെ സംബന്ധിച്ചിടത്തോളം ഈ സീസണ് ഏറെ ആശ്വാസമാണ്. ഇതിനകം 31 കളികള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 76 പോയിന്റും രണ്ടാം സ്ഥാനക്കാരായ റയലിന് 65 പോയിന്റുമാണ് ഉള്ളത്. ഏഴു മത്സരങ്ങള്‍ ബാക്കി നില്ക്കുന്നതിനാല് റയലിനും കിരീട പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജിറോണയോട് 4-2 നാണ് റയല്‍ തോറ്റത്.
കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം ലാലിഗയില്‍ ബാഴ്സിലോണ നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്നു ബാഴ്സിലോണ. സാവിയ്ക്ക് കീഴില്‍ മികച്ച പ്രകടനം നടത്തുന്ന ടീം മുന്നേറ്റനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലിയോണേല്‍ മെസ്സിയെ ടീമില്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.






