
2600 ചെമ്മരിയാടുകള്‍ യുഎസിലെ ഇദഹോ സംസ്ഥാനത്തുള്ള ഈഗിള്‍ മേഖലയിലെ ഹൈവേയിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈഗിള്‍, ഒറിഗോണ്‍ എന്ന പ്രദേശവുമായി ഇദഹോ അതിര്‍ത്തി പങ്കിടുന്ന മേഖലയിലുള്ള സ്ഥലമാണ്. ഈ മേഖലയ്ക്കടുത്തുള്ള ടേബിള്‍ റോക്ക് ഏരിയ എന്ന സ്ഥലത്തേക്കാണ് ചെമ്മരിയാടുകളുടെ യാത്ര. പീഠാകൃതിയിലുള്ള പടിഞ്ഞാറന്‍ യുഎസിലെ മലമ്പ്രദേശമാണ് ടേബിള്‍ റോക്ക് ഏരിയ.
ഈ മേഖല ഇദഹോയിലെ തെക്കുകിഴക്ക് ബോയ്സ് എന്ന പ്രദേശത്തിന് സമീപത്തായി സമുദ്രനിരപ്പില്‍ നിന്ന് 3650 അടി പൊക്കത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെമ്മരിയാടുകളെ നിയന്ത്രിക്കാനായി ഈ കൂട്ടത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളും മേല്‍നോട്ടം വഹിക്കുന്ന കര്ഷകരുമുണ്ട. ധാരാളം പേരാണ് ചെമ്മരിയാടുകളുടെ മാര്‍ച്ച് കാണാന്‍ ഹൈവേയ്ക്ക് സമീപമെത്തിയത്.
52 ലക്ഷത്തിലധികം ചെമ്മരിയാടുകള്‍ യുഎസില്‍ ഉണ്ടെന്നാണു കണക്ക്. ടെക്സസ്, കലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇവയുടെ കാല്ഭാഗവുമുളളത്. ഏറ്റവും കൂടുതല്‍ ചെമ്മരിയാടുകളുള്ളത് ടെകളസസിലാണ്. ഒരു ലക്ഷത്തിലധികം ചെമ്മരിയാട് കൃഷിക്കാരുളള ഇവിടെ കര്‍ഷകരെ ദേശീയതലത്തില്‍ പ്രതിനിധീകരിക്കുന്നത് അമേരിക്കന്‍ ഷീപ് ഇന്‍ഡസ്ട്രി അസോസിയേഷന് എന്ന സ്ഥാപനമാണ്.
രാജ്യത്തെ ചെമ്മരിയാടു കൃഷിയില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഇദഹോ. മൃദുവും എന്നാല്‍ കട്ടിയുള്ളതുമായ കമ്പിളിക്ക് പേരുകേട്ടവയാണ് ഇദഹോയിലെ ചെമ്മരിയാടുകള്‍.






