
കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന നടന് ബാലയ്ക്ക് വേണ്ടി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പ്രാര്‍ത്ഥിച്ചിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞെന്നും കുഴപ്പമില്ലെന്നും കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ചുനാള്‍ താന്‍ അവധിയിലാണെന്നും എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
‘‘എല്ലാവര്ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. കറേ പേര് മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന് ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും.
വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയില്‍ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്. മുന്നത്തെ പോലെ തന്നെ വീഡിയോകള്‍ ഇടുന്നതായിരിക്കും...’’ എന്നാണ് എലിസമബത്ത് പറയുന്നത്.
എലിസബത്തിനെ നടന് ബാല രണ്ടാമത് വിവാഹം കഴിച്ചതാണ്. ഇവരുടെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷൻ ഉണ്ടെന്ന് ബാല ആശുപത്രിയില്‍ വച്ചെടുത്ത വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നതില്‍ ബാല പറഞ്ഞിരുന്നു. ഒപ്പം പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞിരുന്നു.
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്ക്രീനിൽ എത്തുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി'യിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും ബാല തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്.






