
കോയമ്പത്തൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം (എംഎൻഎം) അദ്ധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചന. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാവുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ചിന്നിയംപാളയത്തെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയതെന്നാണ് വിവരം. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു.
ജനാധിപത്യം അപകടത്തിലാണ്, മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കണോ അതോ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്കമൽ ഹാസൻ പറഞ്ഞു . തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽഹാസൻ ബിജെപിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടിരുന്നു. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ പോലും അന്ന് എംഎൻഎം ഗണ്യമായ വോട്ടുകൾ നേടിയിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തന്നോട് അഭ്യർഥിച്ചതായി കമൽ പറഞ്ഞു. അതിനാൽ, കർണാടകയിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഫോണിൽ തന്നോട് സംസാരിച്ചിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.2018-ൽ മധുരയിലാണ് കമൽ, മക്കൾ നീതിമയ്യം പാർട്ടി ആരംഭിച്ചത്. ഇതിനകം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിച്ചുമത്സരിച്ചു.






