
അബ്ദുള്‍ നാസള് മദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതി. ഇത്രയും വലിയ തുക മുടക്കി താന്‍ കേരളത്തിലേയ്ക്ക് ഇല്ലെന്ന് മഅദനി. 60 ലക്ഷം രൂപ ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കരുതല്‍ തടങ്കലിലുളളയാള്ക്ക് ഈ തുക കണ്ടെത്താന്‍ കഴിയില്ലെന്നും മഅദനി പറഞ്ഞു. ഇത് കടുത്ത അനീതിയാണെന്നും നിയമപോരാട്ടം തുടരുമെന്നും മഅദനിയുടെ മകന് പറഞ്ഞു.
ഉയര്‍ന്ന ചെലവ് തുക വേണമെന്ന കര്‍ണാടകയുടെ വാദത്തിനെതിരായ മഅദനിയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ആവശ്യപ്പെട്ട തുക മുഴുവനും നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രതിമാസം 20 ലക്ഷം രൂപ വച്ച് മൂന്ന് മാസത്തേക്ക് 60 ലക്ഷം രൂപ നല്‍കണമെന്നാണ് കര്‍ണാടക പൊലീസ് നിലപാട്. 20 ഉദ്യോഗസ്ഥരെ മഅദനിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയെന്ന വാദം തെറ്റാണെന്നും മഅദനിയുടെ സുരക്ഷയ്ക്കായി ആറ് ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മഅദനി സന്ദര്‍ശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ വിവരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും തുക ആവശ്യമായി വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത് കൂടാതെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ തുക ഒരു കോടിയോളം എത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു.
കേരളം സന്ദര്‍ശിച്ച ശേഷമാണ് ഐപിഎസ് ഉദ്യോഗസ്ഥന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള സംഘം അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സര്‍ക്കാരിന്റെ ചട്ടപ്രകാരമാണ് ചെലവ് കണക്കാക്കിയത്. മദനിയെ കേരളത്തിലേക്ക് അനുഗമിക്കുന്ന പോലീസുകാരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. കര്‍ണാടക പൊലീസ് ഏപ്രില്‍ 19ന് മഅദനിയുടെ കൊല്ലം അന്വര്ശേരിയിലുളള വസതിയിലും എറണാകുളത്തും പിതാവ് താമസിക്കുന്ന കുടുബ വീട്ടിലും ഉമ്മയുടെ ഖബര്‍സ്ഥാനിലും പരിശോധന നടത്തി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.






