
കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നും വന്യ ജീവികളെ സംബന്ധിച്ച നിരവധി വാര്ത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ സാന്നിധ്യമുള്ള ഇടങ്ങളിലും സഞ്ചാര പാതയിലും യാത്രക്കാര് ശ്രദ്ധയും ജാഗ്രതയും പുലര്ത്തേണ്ടത് അനിവാര്യമാണ്. കാരണം കഴിഞ്ഞ ദിവസം ഇത്തരത്തില് യാത്രക്കാരുടെ മുന്പില് എത്തിയത് സാക്ഷാല് കടുവാക്കൂട്ടമായിരുന്നു. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദയാണ് ഇതിന്റെ ദൃശ്യങ്ങള് പങ്കുവച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ പന്ന ജില്ലയില് നിന്നുള്ള ഈ ദൃശ്യങ്ങളാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പന്ന- കട്നി റോഡ് മുറിച്ചു കടക്കുന്ന കടുവക്കൂട്ടമാണ് വീഡിയോയില് ഉള്ളത്. വീഡിയോയുടെ തുടക്കത്തില് റോഡ് മുറിച്ചു കടക്കാന് ശ്രമിക്കുന്ന ഒരു കടുവയെയാണ് കാണുന്നത്. പിന്നാലെ മറ്റു കടുവകളും ഓരോന്നായി റോഡ് മുറിച്ചു കടക്കുയാണ്. ഇത് അമ്മക്കടുവയും കുഞ്ഞുങ്ങളുമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല് പെട്ടന്ന് ഈ സമയം ഒരു വാഹനം കടന്നുവരുകയാണ്. വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ വെട്ടം വ്യാപിച്ചതോടെ കടുവകള് ധൃതിയില് ഓടുന്നതാണ് വീഡിയോയില് കാണുന്നത്. മൃഗങ്ങള് വേഗത്തില് റോഡ് മുറിച്ച് കടന്നതിനാല് തന്നെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
വീഡിയോ പങ്കുവച്ചതിലൂടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലൂടെ കടന്നു പോകുന്നവര് ശ്രദ്ധ പുലര്ത്തണം എന്നാണ് സുശാന്ത് നന്ദ യാത്രക്കാരെ ഓര്മിപ്പിക്കുന്നത്. നിമിഷ നേരങ്ങള്ക്കുള്ളില് വൈറലായ വീഡിയോ നിരവധി ആളുകളാണ് കണ്ടത്. ഇത്തരം റോഡുകളിലൂടെ പോകുന്നവര് വേഗത കുറക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. അശ്രദ്ധകള് പലപ്പോഴും വന്യമൃഗങ്ങള്ക്കും മനുഷ്യര്ക്കും അപകടം വരാന് സാധ്യതയുണ്ടെന്നാണ് പലരും വാദിക്കുന്നത്.







Comments