
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമന്‍ കടവിലെ ആശ്രമം കത്തിച്ച കേസില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ അറസ്റ്റില്‍. പിടിപി നഗര്ര് വാര്‍ഡ് അംഗം വി.ജി ഗിരികുമാര്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.
മുന്‍പ് പിടിയിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ ഗിരികുമാറിനെ പേട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇന്നലെ വൈകിട്ട് ആര്.എസ്.എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരി അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കുമ്പോള്‍ ശബരി സ്ഥലത്തുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ആശ്രമം കത്തിക്കുന്നതില്‍ ഗൂഢാലോചന നടത്തിയതും പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം ചെയ്തുവെന്ന കുറ്റവും ചുമത്തിയാണ് ഗിരികുമാറിന്റെ അറസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ യുവനേതാക്കളില്‍ പ്രമുഖനാണ് ഗിരികുമാര്‍. കഴിഞ്ഞ തവണ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവുമായിരുന്നു ഗിരികുമാര്‍.
2018ലാണ് ആശ്രമവും മുന്നിലെ വാഹനങ്ങളും കത്തിച്ചത്. ആശ്രമത്തിന്റെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു സംഭവം.






