
ദീര്‍ഘ ദൂരം യാത്ര ചെയ്യുമ്പോള്‍ പലരും ഉറങ്ങിപ്പോകുന്നത് സാധാരണമാണ്. എന്നാല്‍, ഉറങ്ങിയതിന്റെ പേരില്‍ ഫൈന്‍ കിട്ടുന്നത് കേട്ടിട്ടുണ്ടോ? ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ടാക്സി കാറില്‍ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയതിന്റെ പേരില്‍ മെല്‍ബണ്‍ സ്വദേശിയായ യാത്രക്കാരനോട് ടാക്സി ഡ്രൈവര്‍ വാടകയായി ആവശ്യപ്പെട്ടത് 468 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ്. അതായത് 26,600 ഇന്ത്യന്‍ രൂപ.
ബെര്‍വിക്കിലെ വീട്ടിലേക്ക് പോകാന്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി പിടിച്ച റയാന് എന്ന വ്യക്തിയ്ക്കാാണ് ടാക്സി ഡ്രൈവര്‍ വാടകയായി ഇത്രയും വലിയൊരു തുക ആവശ്യപ്പെട്ടത്. വിമാനം വൈകിയതിനെ തുടര്‍ന്ന് വൈകിയാണ് ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ എത്തിയത്. വീട്ടിലേക്ക് പോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ടാക്സിയില്‍ പോകാന്‍ തീരുമാനിച്ചത്. സമയം വൈകിയിരുന്നതിനാല്‍ ടാക്സിയില്‍ കയറിയതും ഇയാള്‍ ഉറങ്ങിപ്പോയി.
എന്നാല്‍ റയാന് ഉറക്കം ഉണര്‍ന്നപ്പോള്‍ ടാക്സി ഡ്രൈവര്‍ വാടകയായി 468 ഓസ്ട്രേലിയന്‍ ഡോളര്‍ ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് റയാന്റെ വീട്ടിലേക്ക് 75 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഡ്രൈവര്‍ ആവശ്യപ്പെട്ട തുക തീര്‍ത്തും അന്യായമാണെന്നും ആ തുക നല്കാന് കഴിയില്ലെന്നും റയാന് ഡ്രൈവറോട് പറഞ്ഞു. മീറ്ററില്‍ കണ്ട തുക എത്രയാണോ അതുമാത്രമാണ് താന്‍ പറഞ്ഞതെന്നും, യാത്രക്കിടയില്‍ നിരവധി സ്ഥലങ്ങളില്‍ ടോളുകള്‍ നല്കി എന്നും ഡ്രൈവര്‍ പറഞ്ഞു. ഒടുവില്‍ റയാന് ഡ്രൈവര്‍ ആവശ്യപ്പെട്ട തുക കൊടുക്കേണ്ടി വന്നു.






