
ഫുഡ് പാണ്ട എന്ന ഫുഡ് ഡെലിവറി ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 11000 രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി യുവതി രംഗത്ത്. ഇവരുടെ സുഹൃത്താണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 11000 രൂപ നഷ്ടമായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 'നഹിന് ഹോ പാ രഹാ അബ്' എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്. മൂന്ന് വ്യത്യസ്ത ഇടപാടുകള്‍ വെറും അഞ്ച് മിനിറ്റില്‍ തന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നടന്നതായി നോട്ടിഫിക്കേഷന്‍ വന്നെന്നും തൊട്ടു പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഫുഡ് പാണ്ട ആപ്പിലൂടെ 11000 രൂപ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചതായി അറിഞ്ഞതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.
മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഫുഡ് പാണ്ട ആപ്പുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്ത് ലിങ്ക് ചെയ്തിരുന്നുവെന്നും രണ്ടെണ്ണത്തില്‍ സീറോ ബാലന്‍സ് ആയിരുന്നെന്നും മൂന്നാമത്തെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പണം മോഷ്ടിക്കാനുളള ശ്രമം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്നും നടത്തിയിരുന്നു എന്ന് തെളിയിക്കുന്ന നോട്ടിഫിക്കേഷനുകള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പണം നഷ്ടമായ ഉടന്‍ തന്നെ ആപ്പില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ഇതിനു മുന്‍പ് തന്നെ ആപ്പ് തന്റെ അക്കൗണ്ട് ഒഴിവാക്കുകയും ഇത് ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പണം നഷ്ടമായതിന്റെ സ്ക്രീന്‍ ഷോട്ടുകളും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം എത്രയും പെട്ടെന്ന് ഇതേ കുറിച്ച് അന്വേഷിച്ച ശേഷം വേണ്ടത് ചെയ്യാമെന്നും ഫുഡ് പാണ്ട ട്വീറ്റില്‍ മറുപടി നല്കി.






