
മണിപ്പൂരിനെ കലാപകലുഷിതമാക്കിയതു ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷസമുദായമായ മെയ്തികളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷവും റിസര്‍വ് വനമേഖലകളില്‍നിന്നു ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ നടത്തിയ നീക്കവും. സംസ്ഥാനത്തെ ജനസംഖ്യയില്‍ 53% വരുന്ന മെയ്തികള്‍ക്കു പട്ടികവര്‍ഗപദവി നല്‍കാനുള്ള നീക്കത്തിനെതിരേ ഗോത്രവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധമാണു സമീപദിവസങ്ങളില്‍ കലാപമായി ആളിക്കത്തിയത്. എന്നാല്‍, അതിനു തീപ്പൊരിയായതാകട്ടെ വനസംരക്ഷണത്തിന്റെ പേരിലുള്ള ഒഴിപ്പിക്കല്‍ നീക്കവും.
കക്ഷിഭേദമെന്യേ മണിപ്പൂരില്‍ ഏത് സര്‍ക്കാര്‍ വന്നാലും ഗോത്രവര്‍ഗക്കാരല്ലാത്ത, താഴ്വരവാസികള്ക്കാണു ഭരണത്തില്‍ മേല്‍ക്കൈ. ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള മെയ്തികളാണു സര്‍ക്കാര്‍ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കളെന്നു ഗോത്രവര്‍ഗക്കാര്‍ ആരോപിക്കുന്നു. ഗോത്രവര്ഗക്കാരില്ത്തന്നെ ജനസംഖ്യയുടെ 40% വരുന്ന നാഗന്മാരും കുകികളുമാണു സര്‍ക്കാര്‍ നടപടികളെ പ്രധാനമായും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങും മെയ്തി സമുദായക്കാരനാണ്.
മണിപ്പൂരില്‍ അധിവാസയോഗ്യവും ഫലഭൂയിഷ്ടവുമായ ഭൂമി 10% മാത്രമേയുള്ളൂ. 90% പര്‍വതമേഖല ഭീകര-വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഒളിയിടമാകുന്നുവെന്ന വിലയിരുത്തലിലാണു റിസര്‍വ് വനങ്ങളില്‍നിന്നു ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ജെ.പി. സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഒഴിപ്പിക്കല്‍ നീക്കം പ്രധാനമായും ബാധിക്കുന്ന കുകി സമുദായത്തിനു പുറമേ മറ്റ് ഗോത്രവര്‍ഗക്കാരും ഈ നീക്കത്തിനെതിരേ രംഗത്തുവന്നു.
ഒഴിപ്പിക്കല്‍ നീക്കത്തിനെതിരേ നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും പൊതുവികാരത്തിനു നേരേ സര്‍ക്കാര്‍ കണ്ണടയ്ക്കുകയായിരുന്നെന്നു ഗോത്രവര്‍ഗ നേതൃ ഫോറം ആരോപിച്ചു. ചുരാചാന്ദ്പുര്‍ ജില്ലയുടെ ഭൂരിഭാഗം ്രപദേശങ്ങളും റിസര്‍വ് വനമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നു കുകി സ്റ്റുഡന്റ്സ് ഓര്‍ഗെനെസേഷന്‍ (കെ.എസ്.ഒ) ജനറല്‍ സെക്രട്ടറി ഡി.ജെ. ഹാവോകിപ് ചൂണ്ടിക്കാട്ടി. ഇതോടെ പരമ്പരാഗതമായ അധിവാസമേഖലയില്നിന്നു നൂറുകണക്കിനു കുകി കുടുംബങ്ങള്‍ക്കു കുടിയൊഴിയേണ്ട അവസ്ഥയാണ്. ഒഴിപ്പിക്കപ്പെടുന്നതിലല്ല കുകികളുടെ ആശങ്കയെന്നും പുനരധിവാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലാണെന്നും ഹാവോകിപ് പറഞ്ഞു.
60 അംഗ മണിപ്പുര്‍ നിയമസഭയില്‍ കുകി സമുദായത്തില്‍നിന്നുള്ള 10 എം.എല്‍.എമാരുള്ളതില്‍ അഞ്ചുപേരും ഭരണകക്ഷിയായ ബി.ജെ.പിക്കാരാണ്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ കുകി പീപ്പിള്‍സ് അലയന്‍സിന് രണ്ട് അംഗങ്ങളുണ്ട്. ഭരണത്തണലില്നിന്നു പുറത്തുവന്ന് തങ്ങളെ പിന്തുണച്ചില്ലെങ്കില്‍ ഈ എം.എല്‍.എമാരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്നാണു കെ.എസ്.ഒയുടെ മുന്നറിയിപ്പ്.
വനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും പേരില്‍ ഗോത്രഭൂമി െകെയേറുന്നതിനെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ കാങ്പോക്പി ജില്ലയിലെ തോമസ് െമെതാനത്തു നടന്ന പ്രതിഷേധയോഗത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെ കുകി തീവ്രവാദസംഘടനകളായ കുകി നാഷണല്‍ ആര്‍മി, സോമി റവലൂഷന് ആര്‍മി എന്നിവയുമായി സര്‍ക്കാര്‍ നടത്തിവന്ന സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ് (എസ്.ഒ.സി) ചര്‍ച്ചകള്‍ റദ്ദാക്കി. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും കുകി തീവ്രവാദസംഘടനകളുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറാണ് സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ്.
സര്‍ക്കാര്‍ഭൂമിയിലെ അനധികൃതനിര്‍മാണത്തിന്റെ പേരില്‍ കഴിഞ്ഞമാസം 11-ന് ഇംഫാലിലെ ഗോത്രമേഖലയിലുള്ള മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തിയതും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. വനം ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നീറിപ്പുകയുന്നതിനിടെയാണു കഴിഞ്ഞയാഴ്ച ചുരാചാന്ദ്പുര്‍ ജില്ലയിലെ ന്യൂലാംബാ പട്ടണത്തില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് ആള്‍ക്കൂട്ടം തീയിട്ടത്.
മെയ്തി സമുദായത്തിനു പട്ടികവര്‍ഗപദവി നല്കുന്നതു സംബന്ധിച്ച ശിപാര്‍ശ കേ്രന്ദസര്ക്കാരിനയയ്ക്കാന് മണിപ്പുര്‍ െഹെക്കോടതി സംസ്ഥാനസര്‍ക്കാരിനോടു നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ കലാപത്തിനു തുടക്കംകുറിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് പ്രഖ്യാപിക്കപ്പെട്ടത്. നാഗാ, കുകി വിഭാഗക്കാര്‍ നയിക്കുന്ന ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് മണിപ്പൂരാണു മാര്‍ച്ച് ആഹ്വാനം ചെയ്തത്.






