
കുട്ടിക്കാലത്ത് ബസില്‍ യാത്ര ചെയ്യുന്നത് വളരെ കൗതുകം ഉണര്‍ത്തുന്നതായിരുന്നു. ഇന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ ആണ്. അത്തരത്തില്‍ ഒരു സ്കൂള്‍ യാത്രയെ കുറിച്ച് പറയാം. 1990 -കളില്‍, ബെംഗളൂരുവില്‍ നിന്നുള്ള ചെങ്കപ്പയും ആദിത്യയും വിദ്യാരണ്യപുരയില്‍ നിന്ന് യശ്വന്ത്പുരയിലേക്കുള്ള ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലായിരുന്നു സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ഡ്രൈവര്‍ക്കരികില്‍ തന്നെ രണ്ടാളും സീറ്റ് ഉറപ്പിയ്ക്കും. പിന്നെ ഡ്രൈവറോട് വാതോരാതെ സംസാരിക്കലാണ്. സ്കൂള്‍ എത്തുന്നത് വരെ സംസാരം നീളും. ബസുമായി ബന്ധപ്പെട്ട ഇരുവര്‍ക്കും നൂറോളം സംശയങ്ങളും ഉണ്ടാകും. ഇതെങ്ങനെ പ്രവര്‍ത്തിക്കും അതെങ്ങനെ പ്രവര്‍ത്തിക്കും തുടര്‍ന്ന് അനവധി ചോദ്യങ്ങളാവും ഉണ്ടാവും.
അങ്ങനെ സ്കൂള്‍ ജീവിതം ഒക്കെ കഴിഞ്ഞ് ഇരുവരും വളര്‍ന്നു. ആദിത്യ ഇപ്പോള്‍ ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ചെങ്കപ്പ അമേരിക്കയിലും. പക്ഷേ, രണ്ടുപേരും ഇന്നും തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിയ്ക്കുന്നു. കൂടാതെ ഇരുവരും പ്രിയപ്പെട്ട ബാല്യകാലസുഹൃത്തായ ബസിനെയും അതുപോലെ ബസിന്റെ ഡ്രൈവറായ കെ ധനപാലിനെയും മറന്നിട്ടില്ലായിരുന്നു. അവരിപ്പോഴും എന്നും വിളിക്കാറുണ്ട്.
ഒരു പുതിയ ടെസ്ല കാര്‍ ചെങ്കപ്പ ഈ അടുത്തിടെ വാങ്ങി. ചുവപ്പ് നിറത്തിലുള്ള കാറിന് KA01 F232 എന്ന രജിസ്ട്രേഷന് നമ്പറും സ്വന്തമാക്കി. അത് അവരുടെ പ്രിയപ്പെട്ട ബസിന്റെ നമ്പറായിരുന്നു. ടെസ്ലയ്ക്ക് മുന്നില്‍ നിന്നും വീഡിയോ പകര്‍ത്തി ചെങ്കപ്പ അത് ധനപാലിന് അയച്ചും കൊടുത്തു. ആ ബസും ആ കാലവും തങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ധനപാല്‍ എത്ര ക്ഷമയോടെയാണ് കുട്ടികളായ തങ്ങള്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നത്. സന്തോഷത്തോടെയുള്ള റിട്ടയര്‍മെന്റ് കാലം ആശംസിക്കുന്നു എന്നും ചെങ്കപ്പ പറഞ്ഞു. ധനപാല്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.






