
ബെറെയ്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ 22 കാരനെ കാമുകിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടന്ന സംഭവത്തില്‍ അഭിജിത് കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 20 കാരിയായ കാമുകിയുടെ വീട്ടില്‍ നിന്നും രാത്രിയില്‍ പിടിക്കപ്പെട്ടതിന് പിന്നാലെയാണ് അഭിജിത് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് വിവരം. സ്വകാര്യഭാഗങ്ങള്‍ തകര്‍ക്കപ്പെട്ടും കാഴ്ച തകര്‍ക്കുകയും ചെയ്തു.
മെയ് 5 നായിരുന്നു രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ കയറിയിരുന്നു. യുവാവിന്റെ സഹോദരിയാണ് കരിമ്പുകാട്ടില്‍ കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും ലക്നൗവിലെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ബോധം നഷ്ടമായ നിലയിലായിരുന്നു യുവാവ്. ഹൈദരാബാദ് പോലീസിന്റെ പരിധിയില്‍ വരുന്ന ഗിജിയാപൂര് ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. അഭിജിത്തും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നെന്നും ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഗിജിയാപൂരിലെ ലണ്ടന്പൂര് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അഭിജിത്. സഹോദരിയ്ക്കൊപ്പം രമ്മാപൂരിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് ബിരുദപഠനം ഇയാള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുമായി സഹോദരന്റെ വിവാഹം ഉറപ്പിച്ചിരുന്നതാണെന്ന് സഹോദരി പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഗിജിയാപൂരിലേക്ക് പോയ ആ ദിവസത്തിന് ശേഷം സഹോദരന് മടങ്ങി വന്നില്ലെന്നും ഇവര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരനായിരുന്നു വിവാഹത്തെ ഏറ്റവും എതിര്‍ത്തിരുന്നത്. മകളോട് അഭിജിത്തിനെ കൊല്ലുമെന്ന് പിതാവ് വിജയ്പാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരി പറഞ്ഞു. മെയ് 5 ന് അഭിജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് ഉപേക്ഷിക്കുകയായിരുന്നു. യുവാവ് മരണപ്പെട്ടെന്ന് വിചാരിച്ച് ഇയാളെ കത്തിക്കാനും വിജയ്പാലും മകനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ സഹോദരനെ രക്ഷിക്കാന്‍ പറഞ്ഞ് ഗിജിയാ ഗ്രാമത്തിലുള്ള ഒരാള്‍ തന്നെ സഹോദരിയെ വിളിച്ചു പറയുകയായിരുന്നു. ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.






