തിരുവനന്തപുരം: ഡ്യുട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന് സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഭൗതികദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രി വി.എന്‍ വാസവന്, വി.ശിവന്‍കുട്ടി, മുന്‍ ആരോഗ്യമന്ത്രി വി.എം സുധീരന്, വിവിധ സംഘടന പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. 10 മിനിറ്റാണ് പൊതുദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ നീണ്ട നിര മൂലം സമയം വൈകുകയാണ്.
മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ കോളജില്‍ പോസ്റ്റു മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ മുതല്‍ മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും ആംബുലന്‍സില്‍ തന്നെ കാത്തിരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഭൗതികദേഹം ഏറ്റുവാങ്ങി മകള്‍ പഠിച്ച കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് കൊണ്ടുപോകും. നാലു മണിയോടെ ഇവിടെ നിന്നും കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. സംസ്കാരം നാളെ 11 മണിയോടെ സംസ്കാരം നടത്തും.






