
നടന് ആന്റണി വര്ഗീസിനെതിരെയുളള സംവിധായകന് ജൂഡ് ആന്തണി ജോസഫിന്റെ വിമര്‍ശനവും അതിന് ആന്റണി വര്‍ഗീസ് (പെപ്പേ) നല്കിയ മറുപടിയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സത്യം എന്നായാലും പുറത്തുവരും എന്നൊരു വിശ്വാസം ഉളളതുകൊണ്ടാണ് തന്റെ ഭര്‍ത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ പറയുന്നു.
‘ആര്‍ക്കും എന്തും പറയാം പക്ഷെ പറയേണ്ടേ കാര്യങ്ങള്‍ സത്യസന്ധമായി പറയണം... ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്.... കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്.... ’അനീഷ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ജൂഡിന്റെ ആരോപണം തളളി ആന്റണി വര്‍ഗീസ് നടത്തിയ പത്രസമ്മേളനത്തിനു ശേഷമായിരുന്നു അനീഷ ഈ വാക്കുകള്‍ കുറിച്ചത്. ആന്റണി തന്റെ കയ്യില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ജൂഡിന്റെ പരാമര്‍ശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്തെയിരുന്നു. നിര്‍മാതാവില്‍ നിന്നും വാങ്ങിയ പണം തിരികെ നല്കി ഒരു വര്‍ഷത്തിന് ശേഷമാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നായിരുന്നു ആന്റണി വര്‍ഗീസ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ തന്റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും രംഗത്തെത്തിയിരുന്നു.






