
വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ചുരുക്കം സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായി മാറിയ താരമാണ് സംയുക്ത വർമ്മ. ബിജു മേനോനെ വിവാഹം ചെയ്ത് അഭിനയരംഗത്തോട് പൂര്‍ണ്ണമായും ഗുഡ്ബൈ പറഞ്ഞെങ്കിലും ഇന്നും സംയുക്ത പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ സ്നേഹത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
യോഗ ദിനചര്യപോലെ അനുഷ്ഠിക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ. ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മെയ് വഴക്കത്തോടെയുളള സംയുക്തയുടെ യോഗാമുറകൾ കണ്ട് പലപ്പോഴും ആരാധകര്‍ അത്ഭുതപ്പെടാറുണ്ട്. മലയാളത്തനിമയുള്ള നാച്വറല്‍ സൗന്ദര്യമാണ് അന്നുമിന്നും സംയുക്തയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോഴിതാ ശരീരഭാരം അമിതമായി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കിടുകയാണ് സംയുക്ത വര്‍മ്മ.
‘‘ആളുകൾ എന്തിനാണ് വെയിറ്റ് ലോസിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ. കാരണം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും വെയിറ്റ് ലോസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബുദ്ധിയില്ലാത്ത സമയത്ത് അങ്ങനെയൊന്ന് ചിന്തിച്ചിട്ടുണ്ട്. പ്രസവം കഴിഞ്ഞതിനു ശേഷം ഞാൻ വെയിറ്റ് ലോസിന് ശ്രമിച്ചിട്ടുണ്ട്, അതില്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതിനുശേഷം ശരിക്ക് ശരീരം മനസ്സിലാക്കിയതിനു ശേഷം ഞാൻ ഒരിക്കലും വെയിറ്റ് ലോസിന് ഞാൻ മുതിർന്നിട്ടില്ല.
നമ്മുടെ ശരീര പ്രകൃതം വളരെ ഇംപോർട്ടന്റാണ്. ആ പ്രകൃതം മനസ്സിലാക്കിക്കൊണ്ട് നമ്മൾ പ്രാക്ടീസുകൾ ചെയ്യണം. ഉദാഹരണത്തിന്, ഈ പിത്തപ്രകൃതം എന്ന് പറഞ്ഞാൽ ഭയങ്കരമായി ചൂട് ജാസ്തിയാവുന്നതാണ്. അതിന്റെ കൂട്ടത്തിൽ ഈ അഷ്ടാംഗ വിന്യാസ പോലത്തെ പ്രാക്ടീസ് കൂടി ചെയ്യുമ്പോൾ ചൂട് ജാസ്തിയാവും. അപ്പോൾ കോർട്ടിസോൾ കൂടും. ചൂട് ജാസ്തിയാവുമ്പോൾ അത് ഇരട്ടിയാകും. അങ്ങനെ നമുക്കൊരു ബ്ലോട്ടിങ് വരും. എനിക്കിതറിയാം.
ഞാന്‍ അങ്ങനെ ഒരു ലുക്സിനല്ല പ്രാധാന്യം നല്‍കുന്നത്. ഞാൻ എന്താണോ എനിക്ക് എന്താണോ ഫീൽ ചെയ്യുന്നത്, അതിനാണ് ഞാൻ ഇമ്പോർട്ടൻസ് കൊടുക്കുന്നത്. എനിക്ക് മറ്റുള്ളവർ കാണുമ്പോൾ ഞാൻ മെലിഞ്ഞിരിക്കണം എന്നതാണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് ഞാൻ യോഗ ചെയ്യേണ്ട വല്ല ആവശ്യവുമുണ്ടോ?
ഇപ്പോൾ ഇഷ്ടം പോലെ ക്ലിനിക്കുകള്‍ ഉണ്ട്. അവിടെയൊക്കെ പോയി കഴിഞ്ഞുകഴിഞ്ഞാൽ നോൺ സർജിക്കലും സർജിക്കൽ പ്രൊസീജേഴ്സും ഇഷ്ടംപോലെയാണ്. ഫാറ്റ് മാത്രമായിട്ട് കളയണോ അങ്ങനെ എന്തുവേണമെങ്കിലും നമുക്ക് ചേഞ്ച് ചെയ്യാമല്ലോ. എങ്ങനെ വേണമെങ്കിലും നമുക്ക് ചേഞ്ച് ചെയ്യാം. നമ്മുടെ ശരീരം മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ ദൈവാനുഗ്രഹിച്ച് ഇവിടെയുണ്ട്...’’ എന്നാണ് സംയുക്ത വര്‍മ്മ വെയിറ്റ് ലോസിനെക്കുറിച്ച് പറയുന്നത്. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയില്‍ വച്ചാണ് സംയുക്ത തന്റെ അഭിപ്രായം പറഞ്ഞത്.






