
മലയാളത്തിന്റെ മഹാനടന് തിലകന്റെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഷമ്മി തിലകന്. വില്ലനായും സഹനടനായും നായകനായും ഒരുകാലത്ത് തിളങ്ങിയ ഷമ്മി തിലകന് കോമഡി താരമായും മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. താരസംഘടനയായ ‘അമ്മ’യുമായുള്ള ഷമ്മി തിലകന്റെ പ്രശ്നങ്ങളും ഏറെക്കാലമായി നിലനില്‍ക്കുന്ന വിവാദങ്ങളും നിയമനടപടികളും നിറഞ്ഞതാണ്. സംഘടനയിലെ നിലപാടുകളുടെയും അച്ചടക്കലംഘനങ്ങളുടെയും പേരിൽ താരത്തെ പുറത്താക്കുകയും പിന്നീട് അത് വലിയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഷമ്മി തിലകനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ സംഭവത്തെക്കുറിച്ച് പറയുകയാണ് നടനും സഹോദരനുമായ ഷോബി തിലകന്. പുറത്താക്കി എന്ന് തീരുമാനിച്ചതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അത് മാറ്റി പറഞ്ഞെന്നും. അന്ന് ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍ത്ത് സംസാരിച്ചത് ജഗദീഷാണെന്നും ഷോബി പറഞ്ഞു.
‘‘അങ്ങനെ ഒരു മോശമായ പരാമർശം അമ്മയെ കുറിച്ച് നടത്തിയിട്ടില്ലാത്ത ഒരാളെ പുറത്താക്കിയത് പുനഃപ്പരിശോധിക്കേണ്ടേ?എന്തുകൊണ്ട് ചെയ്യുന്നില്ല? ഇത് പറയുന്നതില്‍ എനിക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല. കാരണം പുള്ളി അത് ചെയ്തിട്ടില്ല എന്ന കാര്യം എനിക്കറിയാം. അത് അമ്മ പുനഃപരിശോധിക്കണമായിരുന്നു.
അന്ന് പുള്ളിയെ പുറത്താക്കാൻ കൂടിയ മീറ്റിംഗ് ഉണ്ട്. അടുത്ത മീറ്റിങ്ങിലാണ് പുള്ളിയെ പുറത്താക്കുന്നത്. ആ മീറ്റിങ്ങിലല്ല. അതില്‍ പുള്ളിക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും പുറത്താക്കുന്നതിനെ ആരൊക്കെ അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു എന്നും പറഞ്ഞ് ഒരു കണക്കെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അപ്പൊ, ഷമ്മി തിലകനെ പുറത്താക്കണം എന്ന് താല്പര്യപ്പെടുന്നവർ എഴുന്നേറ്റ് നിൽക്കുക എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ അവിടെ ഇരിക്കുകയായിരുന്നു.
ഉടനെ പെട്ടെന്ന് പറഞ്ഞു, ആ അത് മൂന്നിലൊന്ന് ഭൂരിപക്ഷമുണ്ട്, അതുകൊണ്ട് പുറത്താക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞു. ഉടനെ ജഗദീഷ് ചേട്ടന് എഴുന്നേറ്റിട്ട്, അതെങ്ങനെയാണ് നിങ്ങള്‍ കാല്കുലേറ്റ് ചെയ്തത്, എണ്ണിനോക്കിയോ എന്ന് ചോദിച്ചു. ജഗദീഷേട്ടന് പുറത്താക്കുന്നതിനെ ഭയങ്കരമായി എതിര്‍ത്ത് സംസാരിച്ചു. ഷമ്മി തിലകനെ എന്നല്ല, ഒരംഗത്തേയും പുറത്താക്കാന്‍ പാടില്ല എന്ന് പറഞ്ഞു. മമ്മുക്കയുടെ നിര്‍ദേശപ്രകാരമായിരുന്നു ജഗദീഷേട്ടൻ അന്ന് അങ്ങനെ പറഞ്ഞത്.
അങ്ങനെ അമ്മയുടെ ഒരു അംഗത്തേയും പുറത്താക്കാന്‍ പാടില്ല, നമ്മുടെ ‘അമ്മ’യുടെ മക്കളെ ആരെയും പുറത്താക്കാൻ പാടില്ല, അവരോട് വിശദീകരണം ചോദിക്കണം എന്ന് പറഞ്ഞു. അന്ന് പക്ഷേ ഭൂരിപക്ഷം അഭിപ്രായം അതാണെന്ന് പറഞ്ഞ് പുറത്താക്കി. എന്നാല്‍ അതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പുറത്താക്കണമെന്നുള്ള അഭിപ്രായം വന്നു, അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കുമോ എന്ന് നോക്കട്ടെ, അതിനുശേഷം തീരുമാനിക്കാം എന്നാണ്....’’ ഷോബി തിലകന് പറഞ്ഞു. വണ്‍ 2 ടോക്സിന് നല്കിയ അഭിമുഖത്തിലാണ് ഷോബി തിലകന് ഇക്കാര്യം പറഞ്ഞത്.






