
ഒരുപാട് നൊസ്റ്റാള്‍ജിയയും അമ്മ-മകള്‍ തീവ്ര ബന്ധവും എടുത്തു കാട്ടിയ ഒരു സത്യന് അന്തിക്കാട് ചിത്രമായിരുന്നു ‘അച്ചുവിന്റെ അമ്മ’. അച്ചുവായി മീര ജാസ്മിനും അമ്മയായി ഉര്‍വശിയും തകര്‍ത്തഭിനയിച്ച ഈ ചിത്രം റിപ്പീറ്റ് വാല്യൂവുള്ള എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നു കൂടിയാണ്. ഈ സിനിമയിലെ പാട്ടുകളും രസകരമായ ഡയലോഗുകളും മനസ്സിലോര്‍ത്തു വയ്ക്കാവുന്ന സീനുകളും പ്രേക്ഷകര്‍ പിന്നെയും പിന്നെയും കാണുന്നതാണ്. ഇതിലെ ഏറ്റവും ഐക്കോണിക്കായ ഒരു സീനായിരുന്നു ഉര്‍വശിയുടെ ‘കടുകു വറ’.
എത്ര കണ്ടാലും മടുക്കാത്ത ഉര്‍വശിയുടെ കിടിലന്‍ കോമഡി തന്നെയാണ് ഈ സീനിന്റെ ഹൈലൈറ്റ്. പലരും ഈ സീന്‍ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാറുണ്ട്. അടുത്തിടെ ഉര്‍വശിയും ഒരു പരസ്യചിത്രത്തില്‍ ഈ സീന്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ രംഗം ബോളിവുഡ് ക്വീന്‍ അനുകരിച്ചു കാണിച്ചാല്‍ അതെങ്ങനെയുണ്ടാകും.
ഇപ്പോഴിതാ മുറി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് പാചകം ചെയ്യുന്ന ഉര്‍വശിയുടെ ‘കടുകു വറ’ സീന്‍ റീക്രിയേറ്റ് ചെയ്യുന്ന വീഡിയോ പങ്കിടുകയാണ് വിദ്യ ബാലന്. സിനിമകളിലെ രസകരമായ സീനുകൾ അഭിനയിച്ച് റീല്‍സ് പങ്കിടാറുള്ള വിദ്യ ബാലന്, പഞ്ചാബി ഹൗസിലെ രമണന്റെ സീനും ‘മൂക്കില്ലാ രാജ്യത്ത്’ ചിത്രത്തിലെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും അനുകരിച്ച് പങ്കിട്ട് വൈറലാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്തുകയാണ് വിദ്യയുടെ പുതിയ ‘കടുകു വറ’ സീന്‍.
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ഉർവശി ചേച്ചി ക്ഷമിക്കണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിദ്യാ ബാലന് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ പങ്കിട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘കടുകുവറ റീൽ’ ഒമ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. സിനിമാതാരങ്ങളും മലയാളികളും അല്ലാത്തവരുമായ നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കണം..’ എന്നായിരുന്നു സംവിധായികയായ അഞ്ജലി മേനോന്റെ കമന്റ്. നടി രാധിക ശരത്കുമാര്, സാധിക വേണുഗോപാല്‍, മീര കൃഷ്ണന് തുടങ്ങി നിരവധി ആളുകള്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടിട്ടുണ്ട്. പലരും ഉര്‍വശിയെ ടാഗ് ചെയ്തുകൊണ്ടാണ് കമന്റിടുന്നത്. ‘മനസിലായത് പൂജ്യം ശതമാനം, വിദ്യാ മാമിന്റെ മനോഹരമായ ഭാവങ്ങൾ 100 ശതമാനം, ഒരു ഫ്രെയിമിൽ രണ്ട് OGകൾ. യഥാർത്ഥ OG ശബ്ദത്തിലൂടെയും, മറ്റൊരു OG ആക്ഷനിലൂടെയും, എല്ലാ മലയാളികളുടേയും പ്രിയപ്പെട്ട ഉർവശി ചേച്ചിയുടെ ഡയലോഗ്, എന്റെ ഏറെ പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണിത്, പ്രിയപ്പെട്ട താരം വിദ്യാ ബാലനത് പുനഃസൃഷ്ടിച്ചു...’ എന്നതടക്കമാണ് കമന്റുകള്‍.
പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ‘ചപ്പാത്തി വേണ്ട ചോറ് മതി’ എന്ന് പറയുന്ന തമാശ രംഗം വിദ്യ ബാലൻ രസകരമായി അവതരിപ്പിച്ചിരുനനു. ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്.നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തി






