
പഠനം പകുതിയ്ക്ക് വച്ച് ഉപേക്ഷിച്ചവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു അമ്മയും മകളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് . ഒരുമിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് അമേരിക്കയില്‍ നിന്നുള്ള 50 വയസ്സുകാരിയായ അമ്മയും 25 -കാരിയായ ഇവരുടെ മകളും . ടെക്സാസിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്ന് എ ഗ്രേഡ് നേടിയാണ് ഇരുവരും ബിരുദം കരസ്ഥമാക്കിയത്. ഇരുവരും ഒരുമിച്ച് ഇത് അഞ്ചാം തവണയാണ് വിവിധ കോഴ്സുകളില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നത്.
അമ്മയെ കുറിച്ച് 25 -കാരിയായ മകള്‍ എലിസബത്ത് മേയര്‍ക്ക് അഭിമാനം മാത്രമാണുള്ളത്. അമ്മ തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും എന്നാല്‍ തന്റെ സഹപാഠികള്‍ക്ക് അവര്‍ പ്രിയപ്പെട്ട അമ്മയാണെന്നും എലിസബത്ത് പറയുന്നു. എലിസബത്തും അമ്മ അലിസയും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയത് ടെക്സാസിലെ സാന്‍ അന്റോണിയോയിലെ ഔവര്‍ ലേഡി ഓഫ് ദി ലേക് യൂണിവേഴ്സിറ്റിയില്‍ നിന്നാണ്.
ഇരുവരും അടുത്തതായി അന്റോണിയോയിലെ ഔവര്‍ ലേഡി ഓഫ് ദി ലേക് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്.ഡിക്ക് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹാര്‍വി ചുഴലിക്കാറ്റില്‍ വീട് നഷ്ടമായപ്പോള്‍ ഈ അമ്മയും മകളും അന്ന് ഹോട്ടല്‍ മുറിയില്‍ താമസിച്ചാണ് പഠനം തുടര്‍ന്നതെന്നും യു പി ഐ ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.






