
ബെംഗളുരൂ : കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തിന്റെ വിജയം നേടിയ കോണ്‍ഗ്രസ് കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി പദത്തിനായി തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചു . ഇന്ന് നടക്കുന്ന എഐസിസി ചര്‍ച്ചയില്‍ തീരുമാനം എടുക്കും. ആദ്യത്തെ രണ്ടുവര്‍ഷം താനും പിന്നീട് ഡി. ശിവകുമാറും എന്ന രീതിയിലുള്ള ഒരു ഫോര്‍മുല സിദ്ധരാമയ്യ മുമ്പോട്ട് വെച്ചിട്ടുള്ളതായിട്ടാണ് സൂചനകള്‍.
ശിവകുമാര്‍ ഈ തീരുമാനത്തോട് എങ്ങിനെ പ്രതികരിക്കും എന്നതിനെ അനുസരിച്ചാണ് ബാക്കി കാര്യങ്ങള്‍. സിദ്ധരാമയ്യ മുമ്പോട്ടുവെച്ച ഫോര്‍മുല ശിവകുമാര്‍ കൂടി അംഗീകരിച്ചാല്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചനകള്‍. നേരത്തേ കര്‍ണാടകയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇരുവരുമായി കൂടിക്കാഴ്ച നല്‍കിയിരുന്നു.
മുഖമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യക്കാണെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 70 ശതമാനം എംഎല്‍എമാരുടേയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാല്‍ തകര്‍ന്നടിഞ്ഞ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സംഘടനയെ തിരിച്ചുകൊണ്ടുവന്നത് ഡി കെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന് അവഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
വിഷയത്തിൽ മലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ചർച്ച നടത്തി. കോൺഗ്രസ് നിയോഗിച്ച നിരീക്ഷകരുമായി ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്താൻ ഡി കെ ശിവകുമാർ നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്. സമവായമായാൽ നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. ഖാർഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.






