
ഗുഡ്ഗാവിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. ഒരു ഐടി ഉദ്യോഗസ്ഥന് വാട്സാപ്പ് മേസേജിലൂടെ തട്ടിപ്പിനിരയാവുകയായിരുന്നു. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുന്നത് വഴി അധിക വരുമാനമുണ്ടാക്കാം എന്ന പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള മെസേജാണ് ഇദ്ദേഹം കണ്ണുംപൂട്ടി വിശ്വസിച്ചത്.
ഈ തട്ടിപ്പിന് ഇരയായത് ഗുഡ്ഗാവിലെ സെക്ടര്‍ 102 ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നയാളാണ്. ഈ വാട്ട്സാപ്പ് മെസേജ് മാര്‍ച്ച് 24 നാണ് ഇയാള്‍ക്ക് ലഭിച്ചത്. വൈകാതെ ഇയാളെ ടെലിഗ്രാമിലെ ദിവ്യ എന്ന ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഇയാളുമായി ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന അങ്കില്, കമാല്‍, ഹര്‍ഷ്, ഭൂമി എന്നീ പേരുകളുള്ളവര്‍ ആശയവിനിമയം നടത്തി. ഇവര്‍ പണം നല്കാന് ആകര്‍ഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് വിശ്വസിച്ച ഇയാള്‍ 42,31,600 രൂപ തന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് സംഘത്തിന് കൈമാറി.
ഈ തുക കൈമാറിയാല്‍ 62 ലക്ഷം രൂപ നല്‍കാമെന്നാണ് ഈ സംഘത്തിലുളളവര്‍ വാഗ്ദാനം ചെയ്തത്. പിന്നീട് 11000 രൂപ കൂടി നല്കാന് സംഘം ആവശ്യപ്പെട്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് എഞ്ചിനീയര്‍ക്ക് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. നിലവിലെ ജോലിയുടെ കൂടെ മറ്റൊരു വരുമാന മാര്‍ഗം കൂടെ അന്വേഷിക്കുന്നവര്‍ നിരവധിയാണ്. ഇത് മനസിലാക്കിയാണ് തട്ടിപ്പ് സംഘം സജീവമാകുന്നത്. അതിനാല്‍ വാട്ട്സാപ്പിലൂടെയും ടെലഗ്രാമിലൂടെയും വരുന്ന തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് പോലീസ് മുന്‍കരുതല്‍ നല്കുന്നു.






